കീഴരിയൂരിൽ ലഹരി മാഫിയ പിടിമുറുക്കുന്നു

കൊയിലാണ്ടി: കീഴരിയൂരിൽ ലഹരി മാഫിയ പിടിമുറുക്കുന്നതായി പരാതി. കീഴരിയുരിലെ 11-ാം വാർഡിലെ പാറക്കടവ് മേഖലയാണ് മദ്യപരുടെയും മറ്റും ലഹരി വസ്തുക്കളുടെയും സിരാ കേന്ദ്രമാകുന്നത്. രാവിലെ മുതൽ അർധരാത്രിവരെ ഇക്കൂട്ടരുടെ വിളയാട്ടമാണ് ഇവിടെ. ചുറ്റും പൊന്തക്കാടും, നാട്ടുകാരുടെ സാന്നിദ്ധ്യം ഇല്ലാത്തതും ഇവർക്ക് സൗകര്യമാണ്.

കീഴരിയൂർ പഞ്ചായത്തിൽ ജാഗ്രതാ സമിതിയുണ്ടെങ്കിലും കടലാസ്സിൽ മാത്രമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. കഞ്ചാവ് വില്പനക്കാരും ഇവിടെ സദാ സമയവും ചുറ്റികറങ്ങുന്നുണ്ട്. സാംസ്‌കാരിക നായകന്മാരും, രാഷ്ട്രീയ പാർട്ടികളും ഭരണപക്ഷവും ഇവരെ നിലയ്ക്ക് നിർത്താൻ തയ്യാറാകണമെന്നാണ് നാട്ടുകാര് പറയുന്നത്.


