കാലം മായ്ക്കാത്ത കലാം

ജൂലൈ 27 മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുൾ കലാം ഓർമ്മയായിട്ട് ഇന്ന് നാല് വയസ്സ്. മിസൈൽ മനുഷ്യന് എന്ന വിശേഷണത്തിൽ നിന്നും ഭാരതത്തിന്റെ പ്രഥമ പൗരനായി വളർന്ന അബ്ദുൾ കലാമിന്റെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലിയർപ്പിക്കുകയാണ് രാഷ്ട്രം.
അവുൽ പക്കീർ ജൈനലബ്ദീന്‍ അബ്ദുൾ കലാമെന്ന എപിജെ അബ്ദുൾ കലാമിന്റെ ജീവിതം ഇല്ലായ്മകളെ അഗ്നിച്ചിറകുകളാൽ കീഴടക്കിയ വിജയഗാഥ തന്നെയായിരുന്നു.

1931ൽ തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കലാം ഭാരതരത്നമായതിന് പിന്നിൽ ലാളിത്യത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും കഥയുണ്ട്. രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ പാക്ഷി ലക്ഷ്മണ ശാസ്ത്രിയും പിതാവായ ജൈനലബ്ദീനും തമ്മിലുള്ള സൗഹൃദത്തിൽനിന്ന് മതമൈത്രിയുടെ ഇഴയടുപ്പം ചെറുപ്രായത്തിലേതൊട്ടറിഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിരുന്നു. സ്വപ്നം എന്ന വാക്കിന് കലാം നല്കിയ നിര്വചനത്തെക്കാള് മറ്റൊരു അര്‍ത്ഥം ആര്‍ക്കും നല്കാന് കഴിയില്ല. ഉറക്കത്തില്‍ കാണുകയും ഉണരുമ്പോള്‍ മാഞ്ഞുപോവുകയും ചെയ്യുന്ന വെറുമൊരു പരിമിതാര്‍ത്ഥത്തിലല്ല ഉറങ്ങാന്‍ അനുവദിക്കാത്ത തരത്തില്‍ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് യഥാര്‍ത്ഥ സ്വപ്നമെന്ന് കലാം നമ്മൊട് വിളിച്ചുപറഞ്ഞു.

ബഹിരാകാശ പഠനത്തിന് ശേഷം ഡി.ആർ.ഡി.ഒ, ISRO തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ഭാരതത്തിന്റെ മിസൈൽ മാന്‍ എന്ന വിശേഷണത്തിന് പിന്നിൽ നേട്ടങ്ങളുടെ നീണ്ട പട്ടിക. 2002ൽ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ടപതി ഭവന്റെ ഔപചാരികതകൾക്കപ്പുറം ജനകീയനായി. എളിയ ജീവിതം കൊണ്ട് പ്രിയങ്കരനായി. സമർത്ഥനായ രാജ്യതന്ത്രഞ്ജനായി.
2007ൽ സ്ഥാനമൊഴിഞ്ഞ ശേഷം അധ്യാപനത്തിലും പ്രസംഗത്തിലും എഴുത്തിലും മുഴുകി. മരണം ആകസ്മികമായി കടന്നുവന്നതും അത്തരത്തിലൊരു വേദിയിൽ വെച്ചായിരുന്നു. ഷില്ലോങ്ങിൽ ഒരു പ്രഭാഷണ പരിപാടിയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
സ്വപ്നം കാണുക… സാക്ഷാത്കാരത്തിനായി അക്ഷീണം പ്രയത്നിക്കുക… ജീവിതം കൊണ്ടിത് അടയാളപ്പെടുത്തുകയായിരുന്നു എപിജെ അബ്ദുൾ കലാം.
