കള്ളനോട്ടുകേസുമായി ബന്ധപ്പെട്ട് ഷെമീറിനെ തെളിവെടുപ്പിന് കൊണ്ടുവന്നു

കുന്ദമംഗലം: കള്ളനോട്ടുകേസുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന വര്യട്ട്യാക്ക് പുല്‍പ്പറമ്പില്‍ ഷെമീറിനെ തെളിവെടുപ്പിന് കൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് വെള്ളിയാഴ്ച ഉച്ചയോടെ ഷെമീറിനെ കളരിക്കണ്ടിയിലെ ആലുങ്ങല്‍ വാടകവീട്ടില്‍ കൊണ്ടുവന്നത്.
ആറ്റിങ്ങല്‍ സി.ഐ. വി.വി. ദിപിന്റെ നേതൃത്വത്തിലെത്തിയ സംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ലെന്നും ലഭിച്ചവ പുറത്തുപറയാറായിട്ടില്ലെന്നും തെളിവെടുപ്പിനെത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനായി വെള്ളിയാഴ്ച പന്ത്രണ്ടരയോടെയാണ് സംഘം കളരിക്കണ്ടിയിലെത്തിയത്. ഒരാഴ്ചയായി ഷെമീര്‍ താമസിച്ചിരുന്ന വാടകവീട് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. ഒരാഴ്ചമുമ്പാണ് കളരിക്കണ്ടി ആലുങ്ങലില്‍ ഷെമീര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 12,76,100 രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പോലീസ് കണ്ടെടുത്തത്. സി.പി.ഒ. മാരായ ജയന്, സലീം, ദിലീപ്, പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പിനെത്തിയത്.

