KOYILANDY DIARY.COM

The Perfect News Portal

കലാഭവന്‍ മണിയുടെ പാഡിയില്‍ ചാരായം എത്തിച്ചതായി അന്വേഷണസംഘം സ്ഥിരീകരിച്ചു

തശൂർ > കലാഭവന്‍ മണിയുടെ ഔട്ട്ഹൗസ് ആയ പാഡിയില്‍ ചാരായം എത്തിച്ചതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. ചാരായം നിര്‍മ്മിച്ചതിന് പിന്നിലെന്ന് സംശയിക്കുന്ന വരന്തരപ്പിള്ളി സ്വദേശി ജോയിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരന്തരപ്പിള്ളിയില്‍ നിന്നാണ് പാഡിയിലേക്ക ചാരായം എത്തിച്ചത്. താന്‍ മുന്‍പും ഇവിടേക്കു ചാരായം എത്തിച്ചിരുന്നതായി ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് വിവരങ്ങള്‍.

പാഡിയില്‍ മദ്യസല്‍ക്കാരത്തിനു ചാരായം എത്തിച്ചത് മണിയുടെ സുഹൃത്താണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ചാലക്കുടി സ്വദേശിയായ ജോമോനാണ് ചാരായം പാഡിയില്‍ എത്തിച്ചതെന്നും സംഭവശേഷം ഇയാള്‍ വിദേശത്തേക്ക് പോയെന്നും പൊലീസ് അറിയിച്ചു. ജോമോനെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് പറഞ്ഞു. ചാരായം എത്തിച്ചതുമായി ബന്ധപ്പെട്ട് എട്ടു പേരെ പ്രതികളാക്കി അബ്കാരി നിയമപ്രകാരം എക്‌സൈസ് കേസെടുത്തു.

മണിയുടെ ശരീരത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കീടനാശിനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മരണംകാരണം തേടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. കീടനാശിനി എങ്ങനെ മണിയുടെ ശരീരത്തിലെത്തിയെന്നതാണ് നിലവില്‍ അന്വേഷിക്കുന്നത്.

Advertisements

നടന്‍മാരായ സാബുമോന്‍, ജാഫര്‍ ഇടുക്കി എന്നിവരടക്കമുള്ള സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു. മണിയുടെ സഹായികള്‍ ഉള്‍പ്പെടെയുള്ളവരാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. അവശ നിലയില്‍ കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഔട്ട് ഹൗസ് വൃത്തിയാക്കിയ സഹായികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Share news