കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്ത്തകന് നേരെ ക്ഷുഭിതനായി മോഹന്‍ലാല്‍

“മോനേ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍. ഇത്രം നല്ലൊരു കാര്യം നടക്കുമ്ബോള്‍. ആ കന്യാസ്ത്രീയെ എന്ത് ചെയ്യണം? അതും ഇതുമായിട്ട് എന്താണ് ബന്ധം? വേറെന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ. ഇതൊക്കെയാണോ ചോദിക്കുന്നത്.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെക്കുറിച്ച് ചിരപരിചിതരായ ചില വിടുവായന്മാര് പറഞ്ഞതിന്റെ ബാക്കിയല്ല ഇത്. മലയാളിയുടെ സ്വകാര്യ അഭിമാനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന താരരാജാവിന്റെ പ്രതികരണമാണ്. കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ നടന് മോഹന്‍ലാലിന്റെ പ്രതികരണം. താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി സമൂഹ മസസാക്ഷിക്ക് മുന്നില്‍ ചോദ്യചിഹന്മായി മാറിയിരിക്കുന്ന ഒരു കന്യാസ്ത്രീയെക്കുറിച്ചാണ് സൂപ്പര്‍താരത്തിന്റെ ഈ പരിഹാസം.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. നല്ലൊരു കാര്യം പറയുമ്ബോള്‍ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങള്‍ ചോദിക്കാനെന്നായിരുന്നു കരുണയും സ്നേഹവും മുഖമുദ്രായാക്കിയ മലയാളികളുടെ പ്രീയപ്പെട്ട ലാലേട്ടന്റെ മറുപടി.

ദുരിതാശ്വാസ വിതരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ദുബായിലെ സംഘടന ശേഖരിച്ച ദസാധനങ്ങള് കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്റിലെത്തിച്ച് വിതരണം ചെയ്യുന്ന ചടങ്ങിന്റെ തിരക്കിലായിരുന്നു മോഹന്‍ലാല്‍. അമ്മ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ബിജെപി പ്രവേശനം സംബന്ധിച്ചും മറ്റ് പൊതു വിഷയങ്ങള്‍ സംബന്ധിച്ചും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ ക്ഷുഭിതനായത്.

