കത്തിക്കരിഞ്ഞ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം: പോലീസ് അന്വേഷണം തുടങ്ങി

പത്തനാപുരം : ജനതാ ജംഗ്ഷന് സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സമീപ പ്രദേശങ്ങളില്‍ കാണാതായവരെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. വെയര്‍ഹൗസ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്ത ഭാഗത്ത് കത്തിക്കരിഞ്ഞ നിലയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗോഡൗണ്‍ ജോലിക്കാരാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കാണുന്നത്. ഇവര്‍ പത്തനാപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൃതദേഹം മനുഷ്യന്റേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തലയോടൊഴികെ ബാക്കിയെല്ലാം ചെറിയ എല്ലില്‍ കഷണങ്ങള്‍ മാത്രമാണ്. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനയിലൂടെയാണ് അവശിഷ്ടങ്ങള്‍ മനുഷ്യന്റേതാണെന്ന് കണ്ടെത്തി. മൃതദേഹം ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാകാം എന്ന സംശയത്തെ തുടര്‍ന്ന് സമീപത്തെ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെമിത്തേരിയിലും പോലീസ് പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഫോറന്‍സിക് മെഡിക്കല്‍ സംഘം പരിശോധനകള്‍ക്കായി എത്തുന്നുണ്ട്.

ഇവരുടെ അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. കൊല്ലപ്പെട്ടത് പുരുഷനോ, സ്ത്രീയോ, പ്രായം എത്ര എന്നതിനെ കുറിച്ചുള്ള വ്യക്തത ഇതിന് ശേഷമേ ലഭിക്കൂ.

