KOYILANDY DIARY.COM

The Perfect News Portal

കക്കയിറച്ചിയില്‍ നിന്ന് പരിപ്പുവടയും പപ്പടവും: വനിതകള്‍ മത്സ്യോല്‍സവ വേദിയില്‍ ശ്രദ്ധേയരാകുന്നു

ആലപ്പുഴ: കക്കയിറച്ചിയില്‍ നിന്ന് പരിപ്പുവടയും പപ്പടവും കട്ലറ്റും ഉള്‍പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായെത്തിയ മുഹമ്മയില്‍ നിന്നുള്ള വനിതകള്‍ മത്സ്യോല്‍സവ വേദിയില്‍ ശ്രദ്ധേയരാകുന്നു. കഴിഞ്ഞവര്‍ഷം തുടങ്ങിയ വേമ്ബനാട് കായല്‍ കക്ക പുനരുജ്ജീവന പദ്ധതിയിലൂടെ പരിശീലനം കിട്ടിയവരാണിവര്‍. കക്കയിറച്ചിയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച്‌ വിതരണം ചെയ്യുന്ന ഇത്തരം അഞ്ചു സംഘങ്ങളാണ് ആദ്യഘട്ടത്തില്‍ ജില്ലയിലുള്ളത്.

കക്കയുപയോഗിച്ചുള്ള പരിപ്പുവടയ്ക്ക് ഏഴുരൂപയാണ് വില. കട്ലറ്റ് 10 രൂപയ്ക്കും അച്ചാര്‍ 150 ഗ്രാമിന് 30 രൂപയ്ക്കും കിട്ടും. പപ്പടം വാണിജ്യാവശ്യത്തിനായി നിര്‍മാണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സംഘം. അഞ്ചംഗസംഘത്തിന് ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധന സഹായമനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മൂന്നു വര്‍ഷത്തേക്ക് 15 ലക്ഷം രൂപയാണ് ഇവര്‍ക്കു ലഭിക്കുക. ടൂറിസവുമായി ബന്ധപെട്ട് പ്രത്യേക സ്റ്റാള്‍ ലഭിച്ചാല്‍ എല്ലാദിവസവും ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍. കട്ലറ്റും പരിപ്പുവടയും നിര്‍ദേശമനുസരിച്ച്‌ ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്.

കറുത്ത കക്കയുടെ പ്രധാന ഉല്‍പാദന കേന്ദ്രമായ വേമ്ബനാട് കായലില്‍ അനിയന്ത്രിതമായ മല്ലികക്ക വാരല്‍, തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കുന്നതുമൂലം കക്കയുടെ പ്രജനനത്തിന് ആവശ്യമായ ഉപ്പുവെള്ളം ലഭിക്കാത്തത്, ജലമലിനീകരണം എന്നിവ മൂലം കക്കയുടെ ലഭ്യത 50 ശതമാനത്തോളം കുറയുന്നതായാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കക്ക പുനരുജ്ജീവന പദ്ധതിക്കു തുടക്കം കുറിച്ചത്. മല്ലികക്ക കായലില്‍ വിതറുതിനുപരിയായി ഒരു ബോധവല്‍ക്കരണ പരിപാടിയാണിത്.

Advertisements

സംഘങ്ങളുടെയും തൊഴിലാളികളുടെയും കാര്യശേഷി വര്‍ധിപ്പിക്കുക, കക്കത്തോടും കക്കയിറച്ചിയും മൂല്യവര്‍ധിത ഉല്‍പന്നമാക്കുക, കക്ക ഒരു തവണയെങ്കിലും പ്രജനനം നടത്താന്‍ അവസരമുണ്ടാക്കുക, മല്ലികക്ക വാരല്‍ ഇല്ലാതാക്കി കക്ക സമ്ബത്തിനെ സംരക്ഷിക്കുക, കക്കയിറച്ചിക്ക് വിദേശ വിപണി കണ്ടെത്തുകയെന്നിവയാണ് ലക്ഷ്യങ്ങള്‍. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട് (സി എം എഫ് ആര്‍ ഐ), വേള്‍ഡ് വൈല്‍ഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യു ഡബ്ല്യു എഫ്), അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച്‌ ഇന്‍ ഇക്കോളജി ആന്‍ഡ് ദ എന്‍വയമെന്റ് (എ ടി ആര്‍ ഇ ഇ), കക്ക സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *