ഓഖി ദുരിതബാധിതര്‍ക്ക് സ്നേഹ സ്പര്‍ശവുമായി മാനവീയം വീഥിയിലെ കൂട്ടായ്മ

തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സ്നേഹ സ്പര്‍ശവുമായി മാനവീയം വീഥിയിലെ കൂട്ടായ്മ. ഓഖി ദുരന്തബാധിതര്‍ ഏറെയുള്ള വിഴിഞ്ഞം തീരപ്രദശത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് അരിയും പയറും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ നേരിട്ടെത്തി കൈമാറി. നിരവധി സംഘടനകളാണ് ദുരിതമേഖലകളില്‍ ദിവസവും സഹായവുമായി എത്തുന്നത്.
ചുരുങ്ങിയ സമയത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായുള്ള തങ്ങളുടെ വിഹിതവുമായാണ് ഓഖി ദുരന്തമേഖലയായ വിഴിഞ്ഞം തീരപ്രദേശത്ത് തിരുവനന്തപുരം മാനവീയം വീഥിയിലെ കൂട്ടായ്മ പ്രതിനിധികള്‍ എത്തിയത്.

മാനവീയവും തെരുവിടം ഡോട്ട് കോമും സംയുക്തമായി സ്വരൂപിച്ച 1000 കിലോ അരിയും 60 കിലോ ചെറുപയറും 60 ലധികം വീടുകളിലെ ദുരിതബാധിതര്‍ക്ക് മാനവീയം വീഥി കൂട്ടായ്മ സ്നേഹസ്പര്‍ശമായി നല്കി. സ്നേഹസ്പര്‍ശത്തിന്റെ ഉദ്ഘാടനം CPIM സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാര്‍ നിര്‍വ്വഹിച്ചു.

CPIM കോവളം ഏര്യാകമ്മിറ്റി സെക്രട്ടറി പിഎസ് ഹരികുമാറും സ്നേഹസ്പര്ശനത്തിന്റെ ഭാഗമായി. 5കിലോ അരിയും 1കിലോ പയറും അടങ്ങുന്ന കിറ്റുകളായിട്ടാണ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വീടുകളിലെത്തി കൂട്ടായ്മ കൈമാറിയത്.

തിരുവനന്തപുരം ജില്ലയിലെ ദുരിതബാധിരുള്ള മറ്റ് തീരദേശമേഖകളില്‍ വരുംദിവസങ്ങളില്‍ സഹായം കൈമാറാനാണ് കൂട്ടായ്മയുടെ തീരുമാനം. റെഡ് ഈസ് ബ്ലെഡ് കേരള ചാരിറ്റബിള്‍ സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ദുരിതബാധിതര്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി എത്തിയിരുന്നു.
നിരവധി സംഘടനകള്‍ ദിവസും സഹായഹസ്തവുമായി ദുരിതബാധിതരായ മല്‍സ്യത്തൊഴിലാളികളെ തേടിയെത്തുന്നുണ്ട്. 30 ലധികം മല്സ്യത്തൊഴികളെയാണ് വിഴിഞ്ഞം തീരപ്രദശത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയി കാണാതായിരിക്കുന്നത്.
