ഒഡീഷയില്‍ ബസ്സ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര് മരിച്ചു

ഒഡീഷ: ഒഡീഷയില്‍ ബസ്സ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര് മരിച്ചു.എട്ടു പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച്ച വൈകിട്ട് ദിയോഗര്‍ ജില്ലയിലാണ് സംഭവം. നാടക സംഘം സഞ്ചരിച്ച ബസ്സ് നിയന്ത്രണം വിട്ട് 300 അടി താഴ്ചചയുളള കൊക്കയിലേക്കു മറിയുകയായിരുന്നു. 27 പേര് സംഭവസ്ഥലത്തു തന്നെ മരിച്ചു.സമീപത്തുളള ജില്ലാ ആസ്പത്രിയിലെത്തിക്കുന്നതിനു മുന്‍പാണ് മൂന്നു പേരുടെ മരണം സംഭവിച്ചത്. പരിക്കേറ്റ എട്ടു പേരുടെയും അവസ്ഥ ഗുരുതരമായി തുടരുന്നതായും മരിച്ചവരില്‍ ഇനിയും പത്തോളം പേരെ തിരിച്ചറിയാനുണ്ടെന്നും ഡി.ജി.പി കെ.ബി സിങ് പറഞ്ഞു.
സോനോപൂര് ,ബര്‍ഗ ജില്ലയില്‍പ്പെട്ടവരാണ് മരിച്ചവരിലധികവും. നാടക സംഘം ബര്ഗയിലെ റെംതയില് നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു അപകടം .സംഭവം നടന്നത് വൈകിട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതും മരണ സംഖ്യവര്ദ്ധിപ്പിച്ചതായി ദിയോഗര്‍ എസ്.പി ശര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രി നവീന്‍ പട്നായിക് അപകടത്തില്‍ ദുഖം രേഖപ്പെടുത്തി.

