KOYILANDY DIARY.COM

The Perfect News Portal

എല്ലാ സ്കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവും: മുഖ്യമന്ത്രി

തിരുവനന്തപുരം:  എല്ലാ സ്കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം വിജെറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടറിയറ്റിലെ നിയമ വകുപ്പിലെ ഭരണഭാഷാ സെല്ലിന്റെ പ്രവര്‍ത്തനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി  അറിയിച്ചു.

നാം തന്നെ നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്ഠഭാഷാ പദവി കൊണ്ട് കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോവുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വന്നുകൂടരുത്. പുതുക്കലുകളിലൂടെയേ ഭാഷയ്ക്ക് വളരാനാവൂ. ഭാഷയെ നവീകരിച്ച് ശക്തിപ്പെടുത്താന്‍ പുനഃരര്‍പ്പണം ചെയ്യാന്‍ മാതൃഭാഷാ ദിനാഘോഷം സഹായകരമാകും. മലയാള ഭാഷയുടെ വ്യാപനത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

ഏതു രംഗത്തും ഏതുരാജ്യത്തെ പൗരനും മാതൃഭാഷ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവര്‍ മലയാളികളാണ്. മാതൃഭാഷയില്‍ സംസാരിക്കുന്നത് കുറ്റമാണെന്ന് കുഞ്ഞുങ്ങളുടെ പുറത്തെഴുതി ഒട്ടിക്കുന്നവരുടെ നാടാണ് കേരളം. മാതൃഭാഷയോട് സ്നേഹവും കൂറുമില്ലാത്തവരുമായി നാം മാറുന്നത് ഉത്കണ്ഠയോടെ കാണേതുണ്ട്. ശാസ്ത്രസാങ്കേതിക വിഷയങ്ങളിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പോലും മലയാളത്തില്‍ രചിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ മലയാളം വൈജ്ഞാനിക ഭാഷയായി വളരണം.

Advertisements

ഭരണഭാഷ മലയാളത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഭരണം ഇംഗ്ളീഷിലായാലേ ശരിയാകൂ എന്ന വിചാരമുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്. കുറിപ്പുകളെല്ലാം മലയാളത്തിലാവണം. ഭരണഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനത്തിനെതിരെ മനഃപൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. കോടതിഭാഷ മലയാളത്തിലാക്കണമെന്ന് എണ്‍പതുകളില്‍ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സാര്‍വത്രികമായി നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തിലും കൂടുതല്‍ ഇടപെടലുകള്‍ വേണ്ടിവരുന്ന അവസ്ഥയാണ്. വളര്‍ന്നു വരുന്ന കുഞ്ഞിന്റെ മനസ്സിന്റെ ഭാഷയാണ് മാതൃഭാഷ. അത് തിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുണ്ട്. ഭാഷയെപ്പറ്റിയുള്ള സമ്മര്‍ദ്ദങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തെ ഞെരിച്ചമര്‍ത്തുകയും ആത്മവിശ്വാസത്തെ തകര്‍ക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *