KOYILANDY DIARY.COM

The Perfect News Portal

ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് കേസെടുക്കണമെന്ന്: വി എസ്

ആലുവ > സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്ത്രീപീഡനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സരിതയെ പീഡിപ്പിച്ച ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും മറ്റ് കോണ്‍ഗ്രസ്നേതാക്കളും മലയാളിയുടെ അന്തസ്സിനെ പാതാളത്തോളം താഴ്ത്തി. ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് കേരളജനതയോട് മാപ്പുപറയണം.

സരിതയുടെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. നേരത്തെ ഈ കത്തിലെ വിവരങ്ങള്‍ ചോര്‍ന്ന് മാധ്യമങ്ങളില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെപ്പറ്റി പറയുന്ന ഈവക കാര്യങ്ങള്‍ ശരിയാകരുതേ എന്നാണ് എന്റെ പ്രാര്‍ഥനയെന്ന് ഞാന്‍ നിയമസഭയില്‍ പറഞ്ഞു. പക്ഷേ, ഉമ്മന്‍ചാണ്ടിയുടെയും മറ്റും കൈയിലിരിപ്പുകൊണ്ട് എന്റെ പ്രാര്‍ഥന ഫലിച്ചില്ല. എന്തുകാര്യത്തിനും മനഃസാക്ഷിയെ കൂട്ടുപിടിക്കുന്ന ഉമ്മന്‍ചാണ്ടി ഇക്കാര്യത്തിലും അങ്ങനെയാണോ– വി എസ് ചോദിച്ചു.

ഇവര്‍ക്ക് ഒരു കാരണവശാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സീറ്റ് നല്‍കരുത്. ഉമ്മന്‍ചാണ്ടിയേയും ചില മന്ത്രിമാരെയുംപറ്റി പുറത്തുവന്ന വാര്‍ത്തകള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്. ലജ്ജിച്ച് തല താഴ്ത്തുകയാണ്. കേരളത്തിന് അപമാനമുണ്ടാക്കിയ ഇവരെ തെരഞ്ഞെടുപ്പിന്റെ ഒരു പ്രവര്‍ത്തനത്തിലും പങ്കാളികളാക്കരുത്. ഇക്കൂട്ടരെ ബഹിഷ്കരിക്കാന്‍ കേരളജനത തയ്യാറാകണം.

Advertisements

താന്‍ തെരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെയടക്കം സമ്മര്‍ദത്തിലാക്കിയത്. അഴിമതിക്കാരായ സഹമന്ത്രിമാര്‍ക്കുവേണ്ടി എന്തിനാണ് വീറോടെ വാദിച്ചതെന്ന് ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഔദ്യോഗികവസതി സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനും ബാധ്യതയായി.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക സൌകര്യങ്ങളും ഭരണസംവിധാനങ്ങളും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു സ്ത്രീയെ ചൂഷണം ചെയ്യുന്നതിനും ദുരുപയോഗം ചെയ്തുവെന്നത് അത്യന്തം ഗുരുതരമാണ്. കേരളചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്തതാണിത്.

ഉമ്മന്‍ചാണ്ടിയെക്കൂടാതെ മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ കെ സി വേണുഗോപാല്‍, പളനി മാണിക്യം, കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, പി സി വിഷ്ണുനാഥ്, എ പി അബ്ദുള്ളകുട്ടി, കേരള കോണ്‍ഗ്രസ് എംഎല്‍എ മോന്‍സ് ജോസഫ്, എംപി ജോസ് കെ മാണി എന്നിവര്‍ പീഡിപ്പിച്ച സ്ഥലവും തീയതിയും സമയവും സാഹചര്യവുമൊക്കെ വ്യക്തമാക്കിയാണ് സരിത കത്തില്‍ വിശദീകരിച്ചിട്ടുള്ളത്. നേരത്തെ കത്ത് സംബന്ധിച്ച് വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ താനെല്ലാം തുറന്നുപറഞ്ഞാല്‍ കേരളം താങ്ങില്ലെന്ന് സരിത പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസിലായതെന്നും വി എസ് പറഞ്ഞു.

Share news