ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും

ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മറ്റ് അനുബന്ധ അപകടങ്ങളിലുമായി 16 പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി. ഷാജഹാന്‍പുര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ഇടിമിന്നലേറ്റ് നാല് കുട്ടികളടക്കം ആറു പേര് മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തു.
ഇതുകൂടാതെ സീതാപുര്‍ ജില്ലയില്‍ മൂന്നും ഔരിയ്യ, അമേധി എന്നിവിടങ്ങളില്‍ രണ്ടു പേര് വീതവും ലഖിംപുരി ഖിരി, റായ്ബറേലി, ഉന്നോ എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതവും മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായും പരുക്കേറ്റവരെ വിദഗ്ധ ചികിത്സക്കായും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു നാല് ലക്ഷം രൂപയുടെ സഹായം കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതിയില്‍ ഇതുവരെ 461 വീടുകള്‍ക്കു നാശിച്ചതായും 18 മൃഗങ്ങള്‍ ചത്തതായും ഉത്തര്‍പ്രദേശ് ദുരിതാശ്വാസ കമ്മീഷണര്‍ സഞ്ജയ് കുമാര്‍ അറിയിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ പലഭാഗത്തായി നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സഞ്ജയ് കുമാര്‍ പറഞ്ഞു. ലലിത്പുര്‍ ജില്ലയിലെ തല്‍പേത്ത് തെഹ്സിലില്‍ ആറ് പേര് കുടുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചതായും സഞ്ജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഝാന്‍സിയിലെ എറക് അണക്കെട്ടിനു സമീപമുള്ള ദ്വീപില്‍ കുടുങ്ങിയ എട്ട് മത്സ്യത്തൊഴിലാളികളെ വ്യോമസേന രക്ഷപ്പെടുത്തി.

