ഈ അധ്യയന വര്‍ഷത്തെ കണക്കെടുത്തപ്പോള്‍ പൊതുവിദ്യാലയങ്ങളില്‍ 1.85 ലക്ഷം പുതിയ കുട്ടികള്‍

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കെടുത്തപ്പോള്‍ 1.85 ലക്ഷം വിദ്യാര്‍ഥികളുടെ വര്‍ധന. സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന. 6.3 ശതമാനം. എയ്ഡഡ് സ്കൂളുകളില്‍ 5.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ അണ്‍എയ്ഡഡ് സ്കൂളുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33,052 (എട്ട് ശതമാനം) വിദ്യാര്‍ഥികള്‍ കുറഞ്ഞു. ഉരുള്‍പൊട്ടല്‍മൂലം കണക്കെടുപ്പ് നടത്താത്ത ഏതാനും സബ് ജില്ലകളിലെ വിവരം വെള്ളിയാഴ്ച ലഭ്യമാകുന്നതോടെ പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയപ്പോള്‍ ഭൗതിക, അക്കാദമിക നിലവാരം മെച്ചപ്പെട്ടതോടെ പൊതുവിദ്യാലയങ്ങളിലുണ്ടായ മികവ് പുതുതായെത്തുന്ന കുട്ടികളുടെ എണ്ണത്തിലും പ്രതിഫലിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ 3.3 ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായെത്തി. ഈ വര്‍ഷം സര്‍ക്കാര്‍വിദ്യാലയങ്ങളില്‍ 71,257ഉം എയ്ഡഡ് സ്കൂളുകളില്‍ 1,13,398 വിദ്യാര്‍ഥികളും പുതുതായെത്തി.

ഒന്നാംക്ലാസില്മാത്രം 10,083 വിദ്യാര്‍ഥികള്‍ പുതുതായെത്തി. ഒന്നാംക്ലാസില്‍ ഏറ്റവും കൂടുതല്‍ നവാഗതരെത്തിയത് മലപ്പുറത്താണ്﹣ 4978 കുട്ടികള്‍. 25 വര്‍ഷത്തിനുശേഷം ആദ്യമായാണ് കഴിഞ്ഞവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.

