ഇടിമിന്നലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്

കോതമംഗലം: ഇടിമിന്നലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ഒരു വീട് ഭാഗികമായി തകർന്നു. കോഴിപ്പിളളി പാറയ്ക്കൽ ചാക്കോയുടെ മകൻ ജോബിൻസിന്റെ ഭാര്യ ജിഷ (32)യ്ക്കാണ് പരിക്കേറ്റത്. ഇവർ ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
രാത്രി ഏഴോടെ മഴയ്ക്ക് മുൻപുണ്ടായ കനത്ത ഇടിമിന്നലിലാണ് അപകടം. വീടിനോട് ചേർന്നുള്ള കുളിമുറിയിലായിരുന്ന ജിഷയ്ക്ക് മിന്നലിന്റെ ആഘാതത്തിൽ കൈക്ക് പൊള്ളലും തലക്ക് ക്ഷതവും സംഭവിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോൾ ജിഷ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിൽസക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവരുടെ വീടിന് തൊട്ടു ചേർന്നുള്ള ചമ്മട്ടി മോളേൽ സജി സണ്ണിയുടെ വീട് ഇടിമിന്നലിൽ തകർന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങളും വൈദ്യുതി മീറ്ററും ഉൾപ്പെടെ പൊട്ടിതെറിച്ചു. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര ഏകദേശം പൂർണ്ണമായി തകർന്നു. ജനൽ ഗ്ലാസുകൾ തകർന്ന് വീണു. വീടിന്റെ ഭിത്തികൾക്കും വിള്ളൽ വീണിട്ടുണ്ട്.

മിന്നലിന് പിന്നാലെ വീടിനുള്ളിൽ തീഗോളവും പുകയും ഉയർന്നതിനാൽ വീട്ടുകാർ ഭയന്ന് വിറച്ചു. ഭാഗ്യം കൊണ്ടാണ് ആർക്കും പരിക്കേൽക്കാതിരുന്നത്. വീടിനോട് ചേർന്നുള്ള ബാത്ത് റൂമും തകർന്നു. വീടിന് സമീപത്ത് നിന്നിരുന്ന തേക്ക് മരത്തിനാണ് മിന്നലേറ്റത്.

