KOYILANDY DIARY.COM

The Perfect News Portal

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കത്ത്​: നടന്‍ കൗശിക്​ സെന്നിന്​ വധഭീഷണി

ഡല്‍ഹി: രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തരില്‍ ഒരാളായ കൗശിക്​ സെന്നിന്​ വധഭീഷണി. ബംഗാളി നടനായ കൗശിക്​ സെന്‍ ഉള്‍പ്പെടെ 49 ചലച്ചിത്ര പ്രവര്‍ത്തകരാണ്​ പ്രധാനമന്ത്രിക്ക്​ കത്തെഴുതിയത്​. ഇത്​ വാര്‍ത്തയായതോടെയാണ്​ അജ്ഞാതന്‍ ഫോണില്‍ വിളിച്ച്‌​ വധഭീഷണി മുഴക്കിയതെന്ന്​ കൗശിക്​ വാര്‍ത്താഏജന്‍സിയോടെ പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും അസഹിഷ്​ണുതക്കുമെതിരെ ശബ്​ദമുയര്‍ത്തുന്നവര്‍ക്ക്​ വന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇ​ത്​ തുടര്‍ന്നാല്‍ കൊന്നുകളയുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ​

ഇത്തരം ഭീഷണികള്‍ ഭയക്കുന്നില്ല. അനീതികള്‍ക്കെതിരെ ശബ്​ദമുയര്‍ത്തി മുന്നോട്ട്​ പോകാനാണ്​ തീരുമാനം. തനിക്ക്​ ഭീഷണി സന്ദേശം ലഭിച്ച നമ്ബര്‍ പൊലീസ്​ അധികൃതര്‍ക്ക്​ കൈമാറിയിട്ടുണ്ടെന്നും കൗശിക്​ സെന്‍ അറിയിച്ചു.

ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് ചൂണ്ടിക്കാട്ടി 23ാം തീയതിയാണ്​ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക്​ തുറന്ന കത്തയച്ചത്. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്‍റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതുണ്ടെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisements

ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളില്‍ അതിയായ ഉത്‌കണ്‌ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നു. ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കണം.

മുസ് ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. 2016ല്‍ ദലിതുകള്‍ക്ക് നേരെ മാത്രം 840 അതിക്രമങ്ങള്‍ ഉണ്ടായെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ചില ആക്രമണങ്ങളെ കുറിച്ച്‌ താങ്കള്‍ പാര്‍ലമെന്‍റില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. അക്രമികള്‍ക്കെതിരെ എന്ത് നടപടിയാണ് താങ്കള്‍ സ്വീകരിച്ചതെന്നും കത്തില്‍ ചോദിച്ചു.

ചലച്ചിത്ര മേഖലയിലെ പ്രമുഖരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്നം, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കങ്കണാ സെന്‍ ശര്‍മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍, രേവതി, ശ്യാം ബെനഗല്‍, ശുഭ മുദ്ഗൈ, രൂപം ഇസ് ലാം, അനുപം റോയ്, ഋദി സെന്‍ അടക്കമുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *