KOYILANDY DIARY.COM

The Perfect News Portal

ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജിക്ക് ഡിജിപി നിര്‍ദേശം നല്‍കി

തിരുവനന്തപുരം:  ന്യൂനപക്ഷവിരുദ്ധ പ്രസംഗം നടത്തിയതിന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയത്. 153 (എ) പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി. മതസ്പര്‍ധ വളര്‍ത്തിയെന്ന് കേസ്. പുനലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ദൃശ്യമാധ്യമങ്ങളില്‍ വന്ന ശബ്ദരേഖകള്‍ തെളിവായി സ്വീകരിക്കും. കഴിഞ്ഞ ദിവസം എന്‍എസ്‌എസ് കരയോഗത്തിന്റെ പരിപാടിയില്‍ പിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്.

വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ റൂറല്‍ എസ്പി എസ്.അജിതാബീഗം ഉത്തരവിട്ടിരുന്നു. പുനലൂര്‍ ഡിവൈഎസ്പി എ.ഷാനവാസിനായിരുന്നു അന്വേഷണച്ചുമതല. പള്ളികളിലെ വാങ്ക് വിളിക്കെതിരെയും മുസ്ലിംകള്‍ സുന്നത്ത് കല്യാണം നടത്തുന്നതിനെ പരാമര്‍ശിച്ചുമായിരുന്നു പിള്ളയുടെ പ്രസംഗം. പത്തു മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്തു താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എവിടെ നോക്കിയാലു പള്ളിയേ ഉള്ളൂവെന്നും പിള്ള പറഞ്ഞുവെന്നുമാണ് വിവാദം.

എന്നാല്‍, പ്രചാരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisements

അതിനിടെ, ബാലകൃഷ്ണപിള്ളയ്ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. പിള്ളയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസംഗം ഇന്റലിജന്‍സ് മേധാവി അന്വേഷിക്കണം. ആര്‍എസ്‌എസ് ദേശീയ അധ്യക്ഷന്‍പോലും ഉപയോഗിക്കാത്ത ഭാഷയാണ് ഉപയോഗിച്ചത്. പിള്ളയ്ക്ക് ഗവര്‍ണറാകണമെങ്കില്‍ അത് ന്യൂനപക്ഷങ്ങളുടെ അക്കൗണ്ടിലാകരുതെന്നും സിറാജ് പറഞ്ഞു.

Share news