ആര്.എസ്.എസിന് താക്കീതുമായി മമത

കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് ദുര്‍ഗാപൂജയുമായി മുന്നോട്ട് പോകുമെന്ന സംഘ്പരിവാറിന്റെ പ്രഖ്യാപനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ താക്കീത്. പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും മമത പറഞ്ഞു.
ദുര്‍ഗാപൂജയുടെ മറവില്‍ തീക്കളി വേണ്ടെന്നു പറഞ്ഞാണ് മമത സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മുഹറം ദിനമായ ഒക്ടോബര്‍ ഒന്നിന് മാത്രമാണ് നിയന്ത്രണം. രണ്ടാം തീയ്യതി ആഘോഷങ്ങള്‍ക്ക് യാതൊരു തടസവുമില്ല. വിജയദശമി ആഘോഷങ്ങള്‍ നിര്‍ത്തലാക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജപ്രചരണത്തിന്റെ ഭാഗമാണെന്നും മമത പറഞ്ഞു. ആര്‍എസ്എസ്, വിഎച്ച്പി, ബജ്രംഗ്ദള് തുടങ്ങിയ സംഘടനകള്‍ക്കെതിരെയാണ് മമതയുടെ വിമര്‍ശനം.

മുഹറം ദിവസത്തില്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കാന്‍ സംഘപരിവാര്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഹറം ദിനത്തില്‍ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്തംബര്‍ 30ന് വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്ന് വൈകീട്ട് വരെയാണ് വിലക്ക്. എന്നാല്‍ ഇത് തള്ളിയ സംഘപരിവാര്‍ ആഘോഷങ്ങള്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

