ആര്‍ഷ ദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന് സമര്‍പ്പിച്ചു

തൃശൂർ: കേരള ഹിന്ദൂസ് ഓഫ് അമേരിക്കയുടെ പ്രഥമ ആര്‍ഷ ദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന് സമര്‍പ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉത്സവ സമാന അന്തരീക്ഷത്തില്‍ സാഹിത്യരംഗത്തെ അതികായകന്മാരുടെ സാന്നിധ്യത്തില്‍ കെ.എച്ച്.എന്‍.എ. പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അവാര്‍ഡ് ഫലകം അക്കിത്തത്തിന് നല്‍കി. കെ.എച്ച്.എന്‍.എ. സാഹിത്യ സമിതിയംഗം വേണുഗോപാലമേനോന്‍ പ്രശസ്തി പത്രം കൈമാറി. പുരസ്കാര സമര്‍പ്പണ ചടങ്ങ് ഡോ.എം.ലീലാവതിയാണ് ഉദ്ഘാടനം ചെയ്തത്. ഋഷിമാരുടെ ജീവിതദര്‍ശനമാണ് അക്കിത്തത്തിന്റെ കവിതയുടെ കാതലെന്ന് ലീലാവതി പറഞ്ഞു.
മഹാകവിത്രയത്തെത്തുടര്‍ന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയില്‍ മഹാകവി അക്കിത്തം നാളെയുടെ വഴികാട്ടിയുമാണെന്ന് പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ സി രാധാകൃഷ്ണന്‍ പറഞ്ഞു.

മാടമ്പ് കുഞ്ഞുകുട്ടന്‍, ശ്രീകുമാരന്‍ തമ്പി, വി.മധുസൂധനന്‍നായര്‍, ജി. പ്രഭ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.എച്ച്.എന്‍.എ. സ്ഥാപക പ്രസിഡന്റ് മന്മഥന്‍ നായര്‍, വൈസ് പ്രസിഡന്റ് വിനോദ് ബാഹുലേയന്‍, മുന്‍ പ്രസിഡന്റുമാരായ അനില്‍കുമാര്‍ പിള്ള, രാംദാസ് പിള്ള എന്നിവര്‍ ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

സാഹിത്യകാരന്‍ ആഷാമേനോന്‍ അക്കിത്തത്തെ പരിചയപ്പെടുത്തി.കെ.എച്ച്.എന്‍.എ. സാഹിത്യ സമിതി കോര്‍ഡിനേറ്റര്‍ കെ.രാധാകൃഷ്ണന്‍നായര്‍ സ്വാഗതവും സമിതിയംഗം ഡോ. സുശീല രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. . കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാസന്ധ്യയോടെയാണ് ചടങ്ങ് അവസാനിച്ചത്.

