KOYILANDY DIARY.COM

The Perfect News Portal

ആര്‍എസ്എസ് ആക്രമം: സിപിഐ എം പ്രവര്‍ത്തകന്റെ നില അതീവ ഗുരുതരം

തൃശൂര്‍ > ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഐ എം പ്രവര്‍ത്തകന്റെ നില അതീവ ഗുരുതരം. ഞായറാഴ്ച രാത്രി ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിനു സമീപം ആക്രമണത്തിനിരയായ ഏങ്ങണ്ടിയൂര്‍ സ്വദേശി ചെമ്പന്‍ ശശികുമാര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ശരീരമാസകലം മര്‍ദനമേറ്റതിനെത്തുടര്‍ന്ന് വൃക്കയടക്കം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി. രക്തസമ്മര്‍ദം വല്ലാതെ താഴുകയും ഹൃദയമിടിപ്പ് പരിധിവിട്ട് ഉയരുകയുംചെയ്തു. ചികിത്സകള്‍ പലതും നടത്താനാവാത്ത നിലയിലാണ്. വെട്ടേറ്റ് കാല് അറ്റ നിലയിലായിരുന്നു. മുറിച്ചുമാറ്റേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ബുധനാഴ്ച ബന്ധുക്കള്‍ ആശുപത്രിയിലെത്തി ശശികുമാറിനെ സന്ദര്‍ശിച്ചു.

ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ശശിക്കുനേരെ വധശ്രമമുണ്ടായത്. സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരാക്രമണത്തിന് നേതൃത്വം നല്‍കുന്ന പണിക്കശേരി ബിനേഷ്, ബിജു, ബാബൂട്ടി, ഗിരീഷ്, ദത്ത് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ശശികുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇരുകാലുകളും കൈകളും വെട്ടിമാറ്റാനായിരുന്നു ശ്രമം. ഇരുമ്പുവടികൊണ്ട് ശരീരമാസകലം തല്ലിച്ചതച്ചു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തീരദേശത്ത് ഏകപക്ഷീയമായി ആര്‍എസ്എസ് ആക്രമണം തുടരുകയാണ്. വാടാനപ്പള്ളിയിലും എടത്തിരുത്തിയിലും സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ വധശ്രമമുണ്ടായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കൊടുങ്ങല്ലൂരില്‍നിന്നാണ് ആര്‍എസ്എസ് ആക്രമണം അഴിച്ചുവിട്ടത്. പെരിഞ്ഞനത്തും എടവിലങ്ങിലും ആഹ്ളാദപ്രകടനത്തിനുനേരെ നടത്തിയ ആക്രമണത്തില്‍ നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

Advertisements
Share news