KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യവിഭാഗം പിടികൂടിയ മൂന്നു കാളകളെ 70,000 രൂപയ്ക്ക് ലേലം ചെയ്തു

കോഴിക്കോട്: നഗരത്തില്‍നിന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടിയ മൂന്നു കാളകളെ 70,000 രൂപയ്ക്ക് ലേലം ചെയ്തു. തിരുവണ്ണൂരിലെ ടി.വി. ഹസ്സനാണ് കാളകളെ ലേലത്തിലെടുത്തത്. ഇതിനുപുറമെ രേഖകളുമായെത്തിയ ഉടമകള്‍ക്ക് പിഴചുമത്തി കന്നുകാലികളെ വിട്ടുനല്‍കുകയും ചെയ്തു.

ഒരു കാളയ്ക്ക് 8,000 രൂപയും രണ്ടാടുകള്‍ക്ക് 5,000 രൂപയും ഒരു പശുവിന് 6,000 രൂപയും പിഴ ചുമത്തിയാണ് ഉടമകള്‍ക്ക് വിട്ടുനല്‍കിയത്. മേയര്‍ ഭവന്‍ പരിസരത്ത് നടത്തിയ ലേലത്തില്‍ മൊത്തം 25 പേരാണ് പങ്കെടുത്തത്. ലേലം ചെയ്യാന്‍വെച്ച കാളകളിലൊന്ന് തന്റെയാണെന്ന് അവകാശപ്പെട്ട് പയ്യാനക്കല്‍ സ്വദേശിയായ അബ്ദുള്‍ മനാഫ് എത്തിയിരുന്നു. എന്നാല്‍ തെളിവായി ഇയാള്‍ കാണിച്ച ഫോട്ടോ വിശ്വാസയോഗ്യമല്ലാത്തതിനാല്‍ അധികൃതര്‍ കാളയെ കൈമാറാന്‍ തയ്യാറായില്ല. ഇത് ഏറെനേരം വാക്കേറ്റത്തിനിടയാക്കി.

ഞായറാഴ്ച അഞ്ച് മൂരിക്കുട്ടന്‍മാരെയും രണ്ട് കാളകളെയും ഒരു പശുവിനെയും രണ്ട് ആടിനെയുമാണ് പിടികൂടിയിരുന്നത്. ഇതിലെ പശുവിനെയും ആടുകളെയുമാണ് ഉടമസ്ഥര്‍ കൊണ്ടുപോയത്. ഒരു കാളയുടെ ഉടമസ്ഥന്‍ കൂടിയെത്തിയിട്ടുണ്ട്. ചെറിയ മൂരിക്കുട്ടന്‍മാരെ ലേലം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പൊതുജനങ്ങള്‍ക്ക്
ശല്യമുണ്ടാക്കുന്നരീതിയില്‍ കന്നുകാലികളെ അഴിച്ചുവിടുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോര്‍പ്പറേഷന്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എന്‍.കെ. ലിനൂബ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. അബ്ദുള്‍ ഖാദര്‍ എന്നിവരും ലേലത്തിന് നേതൃത്വം നല്‍കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *