അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു

ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. 12. 10ആണ് ചുമതല ഏറ്റെടുക്കുവാന്‍ അമിത് ഷായ്ക്ക് നല്‍കിയ സമയം. ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അമിത് ഷായെ സ്വീകരിച്ചു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് അമിത് ഷാ ചുമതല ഏറ്റെടുക്കാന്‍ എത്തിയത്. അമിത് ഷാ വരുന്നതിന് മുമ്ബ് മന്ത്രാലയത്തിലും ഓഫീസിലും പൂജകള്‍ നടത്തിയിരുന്നു.
പ്രോട്ടോക്കോള്‍ പ്രകാരം രാജ്‍നാഥ് സിംഗാണ് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെങ്കിലും ഫലത്തില്‍ രണ്ടാമന്‍ ഇനിമുതല്‍ അമിത് ഷാ ആയിരിക്കും. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെ അനിഷേധ്യ നേതാവായ അമിത് ഷാ ഭരണതലത്തില്‍ സുപ്രധാന സ്ഥാനത്തേക്ക് എത്തുന്നതോടെ ബിജെപി ഭരണത്തിന്‍റെ അധികാരത്തുടര്‍ച്ച സംബന്ധിച്ച സൂചനകളും രൂപപ്പെടുകയാണ്. സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‍ലിയും പ്രധാന ചുമതലകളില്‍ നിന്ന് ആരോഗ്യ കാരണങ്ങളാല്‍ ഒഴിവായി, മനോഹര്‍ പരീക്കര്‍ അന്തരിച്ചു. ഇനി കേന്ദ്രത്തിലെ ഏറ്റവും കരുത്തുള്ള അധികാരഘടന മോദിയിലേക്കും അമിത്ഷായിലേക്കും കേന്ദ്രീകരിക്കുകയാണ്. ഒപ്പം രാജ്‍നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ എന്നിങ്ങനെ പുതിയ ശ്രേണിയും രൂപപ്പെടുന്നു.

കശ്മീരിനെ സംബന്ധിച്ച ഭരണഘടനയുടെ 370ആം വകുപ്പ്, 35 എ അനുച്ഛേദം എന്നിവ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് അമിത് ഷാ നീങ്ങുമോ എന്നാണ് ഇനി കാണേണ്ടത്. പക്ഷേ ഭരണഘടന തിരുത്തിയെഴുതാന്‍ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം വേണം. അത്തരം തീരുമാനങ്ങള്‍ക്കായി രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടാകാന്‍ രണ്ട് വര്‍ഷം കൂടി മോദിക്കും അമിത് ഷായ്ക്കും കാത്തിരിക്കേണ്ടിവരും.

