അഭിമന്യു വധം: മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി കസ്റ്റഡിയില്‍. ക്യാമ്ബസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫയാണ് അറസ്റ്റിലായത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ റിഫ കൊച്ചിയില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ്. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് റിഫയാണെന്നാണ് സൂചന. ഇതോടെ അന്വേഷണസംഘത്തിന്റെ പിടിയിലായവരുടെ എണ്ണം പതിനഞ്ചായി.
കൊലയാളി സംഘത്തില്‍പ്പെട്ട പള്ളുരുത്തി സ്വദേശി സനീഷിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രേഡ് യൂണിയന് നേതാവാണ് സനീഷ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഖ്യപ്രതിയും ക്യാമ്ബസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദ്, ആദില്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളായ അനൂപ്, നാസര്‍ എന്നിവരും കസ്റ്റഡിയിലാണ്.

