അത്ലറ്റിക് പരിശീലനക്യാമ്പ് ആരംഭിച്ചു

കോഴിക്കോട് ജില്ല അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ അത്ലറ്റിക് പരിശീലനക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയുടെസഹായത്തോടെയാണ് പരിശീലനം ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത്മാസ്റ്റർ, ജില്ലാ ആസൂത്രണസമിതി അംഗവും കൌൺസിലറുമായ വി പി ഇബ്രാഹിം കുട്ടി, കായിക അധ്യാപിക നിർമല ടീച്ചർ എന്നിവർ സംസാരിച്ചു. എൺപതോളം കായികതാരങ്ങൾ പങ്കെടുക്കുന്ന ക്യാമ്പ് പതിനഞ്ച് ദിവസം നീണ്ടുനിൽക്കും. പ്രസിദ്ധരായ അനേകം കായികതാരങ്ങളെ വാർത്തടുത്ത കൊയിലാണ്ടി സ്റ്റേഡിയത്തിൽ ദീർഘകാലത്തിനുശേഷമാണ് അത്ലെറ്റിക് പരിശീലനത്തിനു തുടക്കമാവുന്നത്.


മികച്ച പരിശീലകാരാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്. പരിശീലനത്തിനു ശേഷം എല്ലാ ദിവസവും നഗരസഭയുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ലഘുഭക്ഷണം നൽകും.
കേമ്പ് കോഡിനേറ്ററും പരിശീലകനുമായ എം ജ്യോതികുമാർ സ്വാഗതവും പി ശ്രീലാൽ നന്ദിയും രേഖപ്പെടുത്തി.





