KOYILANDY DIARY.COM

The Perfect News Portal

അഞ്ച്‌ വര്‍ഷത്തിനിടെ രാജ്യത്ത‌് ഭീകരാക്രമണങ്ങളില്‍ വന്‍ വര്‍ധന; പ്രതിരോധ മന്ത്രിയെ തള്ളി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി > നരേന്ദ്ര മോഡി അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്ത‌് ഒരു വലിയ ഭീകരാക്രമണവും ഉണ്ടായിട്ടില്ല എന്നാണ‌് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവകാശപ്പെട്ടത‌്. എന്നാല്‍, കേന്ദ്ര മന്ത്രി രാജ‌്നാഥ‌് സിങ്ങിനു കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട‌് ഇത‌് തെറ്റാണെന്ന‌് വ്യക്തമാക്കുന്നു. സംഘര്‍ഷബാധിതമായ കശ‌്മീര്‍, വടക്കുകിഴക്ക‌ന്‍ സംസ്ഥാനങ്ങള്‍, നക‌്സല്‍ ബാധിത സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലല്ലാതെ രാജ്യത്ത‌് രണ്ട‌് വലിയ ഭീകരാക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട‌് പറയുന്നു. പഞ്ചാബിലെ പത്താന്‍കോട്ട‌് സൈനിക കേന്ദ്രത്തിലും ഉറി സൈനിക കേന്ദ്രത്തിലും ഭീകരാക്രമണങ്ങളുണ്ടായി.

ഇവിടെ യഥാക്രമം ഏഴ‌് സൈനികരും 19 സൈനികരും കൊല്ലപ്പെട്ടു. മൂന്നില്‍ കൂടുതല്‍ മരണത്തിന‌് ഇടയാക്കിയ 338 ഭീകരാക്രമണങ്ങളാണ‌് 2014നും 2018നും ഇടയില്‍ രാജ്യത്ത‌് ഉണ്ടായത‌്. കശ‌്മീരിലാകട്ടെ പത്ത‌ു വര്‍ഷത്തിനിടെ ഭീകരാക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക‌് ജീവന്‍ നഷ്ടപ്പെട്ട വര്‍ഷമായിരുന്നു 2018. 451 പേര്‍ കൊല്ലപ്പെട്ടു. സര്‍ജിക്കല്‍ സ‌്ട്രൈക്കിലൂടെ ഭീകരരെ അമര്‍ച്ച ചെയ‌്തു എന്ന മോഡി സര്‍ക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ‌് ഇതെല്ലാം വ്യക്തമാക്കുന്നത‌്.

സൈനിക കേന്ദ്രങ്ങളിലേക്ക‌് ഭീകരര്‍ കടന്നുകയറിയ രണ്ട‌് സംഭവമാണ‌് മോഡി സര്‍ക്കാരിന്റെ കാലത്ത‌് ഉണ്ടായത‌്. കശ‌്മീര്‍ അശാന്തമായി തുടര്‍ന്നു എന്നുമാത്രമല്ല, 2009–14 കാലയളവില്‍ കുറഞ്ഞുവന്ന ആക്രമണസംഭവങ്ങള്‍ പീന്നീട‌് കുതിച്ചുയര്‍ന്നു. കശ‌്മീരില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്ബോള്‍ ആക്രമണങ്ങളില്‍ 95 സൈനികര്‍ക്കാണ‌് 2018ല്‍ ജീവന്‍ നഷ്ടമായതെന്ന‌് സൗത്ത‌് ഇന്ത്യന്‍ ടെററിസം പോര്‍ട്ടലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം രാജ്യത്ത‌് 941 ഭീകരാക്രമണങ്ങളും 2017ല്‍ 805 ആക്രമണങ്ങളും നടന്നു.
മാവോയി‌സ്‌റ്റ‌് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണവും വര്‍ധിച്ചു. 2017ല്‍ 332 പേരും 2018ല്‍ 415 പേരും രാജ്യത്ത‌് കൊല്ലപ്പെട്ടു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *