അഗ്നിശമന വിഭാഗം അധികൃതര്‍ പരിശോധന നടത്തി

കൊയിലാണ്ടി: അഗ്നിസുരക്ഷാ ഓപ്പറേഷന്‍ ഭാഗമായി കൊയിലാണ്ടി നഗരത്തിലെ കെട്ടിടസമുച്ചയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, ആശുപത്രികള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ അഗ്നിശമന വിഭാഗം അധികൃതര്‍ പരിശോധന നടത്തി.
വിവിധ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ച അഗ്നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, പ്രവര്‍ത്തന ക്ഷമമാണോ, കാലാകാലങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. ചില സ്ഥാപനങ്ങളില്‍ അധികൃതരെ ബോധിപ്പിക്കാന്‍ മാത്രമാണ് ഇത്തരം അഗ്നിരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

തകരാറുകള്‍ പരിഹരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴ് ദിവസങ്ങള്‍ക്കകം തകരാറുകള്‍ പരിഹരിക്കാനാണ് നിര്‍ദേശിച്ചത്. ഇക്കാര്യം ഉറപ്പാക്കാന്‍ നഗരസഭയോടും ആവശ്യപ്പെടും. കൊയിലാണ്ടി നഗരത്തിലെ ചില കെട്ടിടങ്ങളില്‍ അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. ഇത്തരം സുരക്ഷാ കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ എന്‍.ഒ.സി. സര്‍ട്ടിഫിക്കറ്റ് കൊടുക്കാറുള്ളൂ.

കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീശന്‍ ലീഡിംഗ് ഫയർമാൻ പി.കെ. ബാബു. ഫയർമാൻ പി.വി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

