വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഹസൻ കോയ വിഭാഗം ലയിച്ചു
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് വേർപെട്ട് പ്രവർത്തിച്ച ഹസൻ കോയ വിഭാഗം മാതൃ സംഘടനയിൽ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഏകോപന സമിതിയിലാണ് ഹസൻ കോയ വിഭാഗം നേതൃത്വത്തിലുള്ള സംഘടന ലയിച്ചത്. 11 വർഷങ്ങൾക്ക് മുമ്പാണ് സംഘടനയിലെ ഭിന്നിപ്പിനെ തുടർന്ന് മാറി നിന്നത്. ടി നസീറുദ്ദീൻ, കെ ഹസൻ കോയ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയ അടിസ്ഥാനത്തിൽ ആണ് ഒന്നിക്കാൻ തീരുമാനിച്ചത്.
വ്യാപാരികളുടെ ആവശ്യങ്ങളോട് സർക്കാർ അവഗണന തുടരുന്ന സാഹചര്യത്തിൽ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഒന്നിച്ചു നിൽക്കേണ്ട ആവശ്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുന്നത്. ഹസൻ കോയ വിഭാഗത്തിലെ അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെഎം രാജീവൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ടിപി ഇസ്മായിൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ്, സുനിൽ പ്രകാശ്, ഇല്ലത്തു രവി, താജിബ് എൻ കെ എന്നിവർ പങ്കെടുത്തു.