മുള്ളന്‍ പായല്‍ പൂത്തുലഞ്ഞു. കാണാന്‍ വന്‍ ജനത്തിരക്ക്
കൊയിലാണ്ടി: പേരാമ്പ്ര ആവളപ്പാണ്ടി കുറ്റിയോട്ട് നട തോട്ടിലെ മുള്ളന്‍പായല്‍ പൂവിട്ടതു കാണാന്‍ വന്‍ ജനത്തിരക്ക്. കഴിഞ്ഞ ദിവസം പ്രദേശത്തുകാരായ സുജേഷും അജിത്തുമാണ് പായല്‍ പൂവിൻ്റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതോടെ പത്ര ദൃശ്യമാധ്യമങ്ങളും സഞ്ചാരികളും കുറ്റിയോട്ട് നടയിലേക്ക് ഒഴുകുകയായിരുന്നു.
തോട്ടില്‍ അര കിലോമീറ്ററോളം ദൂരത്തില്‍ പായല്‍ പൂവിട്ടിട്ടുണ്ട്. വയലറ്റ് നിറമുള്ള ഈ പൂവ് കാമറ കണ്ണിലൂടെ അതി മനോഹരമാണ്. വെയില് ശക്തമായ പകല്‍ 12 മണി മുതല്‍ 3 മണി വരെയാണ് പൂവ് വിടര്‍ന്നുനില്‍ക്കുക. ഈ സമയത്ത് എത്തിയാല്‍ മാത്രമാണ് പൂക്കളുടെ പൂര്‍ണ സൗന്ദര്യം ദൃശ്യമാവുക. ഏറെ സൗന്ദര്യവതിയാണെങ്കിലും ഇത് വയലില്‍ വളര്‍ന്നാല്‍ നെല്‍കൃഷി ചെയ്യാന്‍ വളരെ പ്രയാസമാണെന്ന് കര്‍ഷകര്‍ പറയുന്നു.