സഖ്യനീക്കം സജീവമാക്കി ചന്ദ്രബാബു നായിഡു; രാഹുലുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്രത്തില്‍ ബിജെപി ഇതരസര്‍ക്കാര്‍ രൂപികരിക്കാനുള്ള പ്രതിപക്ഷ നീക്കം സജീവം. ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായി ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
അന്തിമഫലം വരുന്നതിന് മുന്‍പുതന്നെ പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില് നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡുവിന്റെ ഡല്‍ഹി സന്ദര്‍ശനം. അതേസമയം, ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായും ഇന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ നില്ക്കുന്ന ഏതൊരു പാര്‍ട്ടിയേയും മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

