സ്ത്രീകളെയോ പെണ്‍കുട്ടികളെയോ മോശമായി സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടും: യു പി മന്ത്രിയുടെ മകന്

യു.പി: സ്ത്രീകളെയോ പെണ്‍കുട്ടികളെയോ മോശമായി സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടും, പ്രകോപനപരമായ പ്രസ്താവനയുമായി യു പി മന്ത്രിയുടെ മകന്. ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ മകനും എസ്ബിഎസ്പി (സുഹല്‍ദേവ് ഭാരതീയ സമാജ് വാദി) പാര്‍ട്ടിനേതാവുമായ അര്‍വിന്ദ് രാജ്ഭര്‍ ആണ് സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് അര്‍വിന്ദിന്റെ പ്രസ്താവന.
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണക്കേസിലെ പ്രതികള്‍ക്ക് വിദേശ രാജ്യങ്ങളിലേതുപോലെ കടുത്ത ശിക്ഷകള്‍ നല്‍കണമെന്നും തൂക്കുകയര്‍ ഉറപ്പാക്കണമെന്നും യുപി മന്ത്രിയും അര്‍വിന്ദിന്റെ പിതാവുമായ ഓം പ്രകാശ് രജ്ഭര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തരം വൃത്തികെട്ട മനോഭാവം ഉള്ള ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിനെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടും എഫ്ഐആര്‍ ഫയല്‍ ചെയ്തുകൊണ്ടും മുന്നോട്ട് പോകുവാന്‍ സാധിക്കില്ല. അതിന് വിദേശരാജ്യങ്ങളിലേതുപോലെ ശക്തമായ നിയമങ്ങളാണ് വേണ്ടത്. ഇത്തരക്കാര്‍ക്ക് തൂക്കുകയര്‍ ഉറപ്പാക്കണം എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

ഒട്ടും വൈകാതെ തന്നെ വര്‍ധിച്ച് വരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ നിയമം കൊണ്ടുവരുമെന്നും അതിന് കീഴില്‍ ബലാത്സംഗം ചെയ്യുന്നവനെ തൂക്കിലേറ്റാനുള്ള നിയമം ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

