സോളാര്‍: കത്ത് മുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമെന്ന് സരിത എസ് നായര്‍
കൊച്ചി > മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെയുള്ള ഉന്നതരുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തി പൊലീസ് കസ്റ്റഡിയില്‍ എഴുതിയ 30 പേജുള്ള വിശദമായ കത്ത് മുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമെന്ന് സരിത എസ് നായര്‍. ഇതിനായി മുഖ്യമന്ത്രി തന്റെ അമ്മയെ നേരിട്ടു വിളിച്ച് സംസാരിച്ചു. തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാന്, മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി എന്നിവരും ഇതിനായി അമ്മയെ മൂന്നു തവണ വിളിച്ചെന്നും സരിത സോളാര്‍ കമീഷനില്‍ വ്യാഴാഴ്ച മൊഴി നല്കി.
ഇവരെല്ലാം നല്കിയ ഉറപ്പിനെക്കുറിച്ച് അമ്മയോടും മന്ത്രി ഗണേഷ്കുമാറിന്റെ പിഎ പ്രദീപ്കുമാറിനോടും 40 മിനിറ്റ് സംസാരിച്ചശേഷമാണ് പൊലീസ് കസ്റ്റഡിയില്‍ എഴുതിയ കത്ത് നാലുപേജാക്കി ചുരുക്കിയതെന്നും സരിത പറഞ്ഞു. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും നല്കിയ വാക്ക് വിശ്വസിച്ചാണ് ഇത്രകാലവും സത്യം വെളിപ്പെടുത്താതിരുന്നത്. പറഞ്ഞ വാക്കിലും നിലപാടിലുംനിന്ന് അവര്‍ പിന്നോട്ടുപോയി. അതിനാല്‍, സത്യം വെളിപ്പെടുത്താനുള്ള അവസാന അവസരമെന്ന നിലയില്‍ കമീഷനില്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത്.

മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ പരിചയമില്ലെന്ന വാദം കളവാണ്. പി സി വിഷ്ണുനാഥിന് തന്നെ പരിചയപ്പെടുത്തി കത്തു നല്‍കിയത് മുഖ്യമന്ത്രിയാണ്. താന്‍ ആരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവോ അവര്‍ ചാനല്‍ചര്‍ച്ചകളില്‍ തന്നെ നാലാംകിട സ്ത്രീയായി ചിത്രീകരിച്ചു. ചില കോണ്‍ഗ്രസുകാര്‍ അസഭ്യംപറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതിരോധിക്കാന്‍ എടുക്കേണ്ട നിലപാടുകള്‍ ബെന്നി ബഹനാനും തമ്പാനൂര്‍ രവിയുമാണ് ഓരോ ഘട്ടത്തിലും പറഞ്ഞുതന്നത്. 2014 ഫെബ്രുവരി 21നുശേഷം താന്‍ ഇവരുമായി നടത്തിയ ഫോണ്‍വിളികളിലെ സംഭാഷണങ്ങളില്‍ നല്ലപങ്കും ഈ നിലപാടുകളെക്കുറിച്ചായിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകളും രേഖകളും കമീഷനില്‍ ഹാജരാക്കും.

മുഖ്യമന്ത്രിക്ക് രണ്ടുതവണയായി താന്‍ നല്കിയ പണം ടീം സോളാറിന്റെ ഉപയോക്താക്കളില്‍നിന്നു ശേഖരിച്ചതാണ്. ഇതില്‍ മല്ലേലില്‍ ശ്രീധരന് നായര്‍ ടീം സോളാറിനു നല്കിയ 40 ലക്ഷം രൂപയില്‍നിന്നുള്ള 32 ലക്ഷം രൂപയും ഉള്‍പ്പെടും. ഈ പണത്തിന്റെയെല്ലാം ഉറവിടം സംബന്ധിച്ച തെളിവുകളും കമീഷന് നല്‍കും. പാലാ കടപ്ളാമറ്റത്തെ ജലനിധി സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ വേദിയില്‍നിന്ന് മുഖ്യമന്ത്രി കൈ കാണിച്ചശേഷമാണ് താന്‍ അദ്ദേഹത്തിനടുക്കല്‍ ചെന്ന് ഒരു കമ്പനിയുടെ രൂപീകരണത്തെക്കുറിച്ചു സംസാരിച്ചതെന്നും സരിത കമീഷനില്‍ വെളിപ്പെടുത്തി.
അതിനിടെ, സരിതയെ എതിര്‍വിസ്താരം ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്യാടന് മുഹമ്മദിന്റെ അഭിഭാഷകന് നല്കിയ വക്കാലത്ത് കമീഷന് അനുവദിച്ചു.
മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്കാന് സമ്മര്‍ദംചെലുത്തി തമ്പാനൂര്‍ രവി സരിതയുമായി നടത്തിയ സംഭാഷണം അടങ്ങുന്ന പെന്‍ഡ്രൈവ് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് കമീഷന് കൈമാറി. ഇത് തെളിവായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
