കുറ്റ്യാടി: മനുഷ്യത്വത്തിനും ധാര്മ്മികതക്കുമെതിരെയുള്ള യുദ്ധമാണ് ഇന്ന് ആഗോളതലത്തില്‍ നടക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. വംശീയ വിരോധം പച്ചയായി പ്രകടിപ്പിച്ച് അഭയാര്‍ത്ഥികളോട് പോലും ക്രൂരത കാട്ടുന്ന ഭരണക്രമത്തില്‍ ലോകത്തിന് എന്ത് നീതിയാണ് പ്രതീക്ഷിക്കാന്‍ കഴിയുകയെന്ന് കാന്തപുരം ചോദിച്ചു. കുറ്റ്യാടി സിറാജുല്‍ഹുദാ സില്‍വര്‍ ജൂബിലി സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അശരണര്‍ക്കു മുന്നില്‍ വാതില്‍ തുറക്കുന്നതാണ് മനുഷ്യത്വപരമായ സമീപനം.
ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയതിലൂടെ വിഭാഗീയതയുടെയും വര്‍ഗ്ഗീയതയുടെയും സന്ദേശമല്ലാതെ മറ്റെന്താണ് അമേരിക്കന്‍ പ്രസിഡന്റ് ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാവങ്ങളോട് കനിവുകാട്ടാനുമാണ് പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നത്. അമ്പത് വര്‍ഷം ഈ രാജ്യത്തെ രാഷ്ട്രീയ പ്രക്രിയകളില്‍ വലിയ പങ്ക് വഹിച്ച സമുന്നതനായ ഒരു പാര്‍ലമെന്റ് അംഗത്തോട് മരണസമയത്ത് പോലും ബന്ധപ്പെട്ടവര്‍ നീതികേട് കാണിച്ചുവെന്ന് അദ്ദേഹത്തിന്റെ മക്കളും സമൂഹവും പറയുമ്പോള്‍ നാം എവിടെയാണ് എത്തിനില്‍ക്കുന്നത്.
നമ്മുടെ സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യമനസുകളെ പരസ്പരം അകറ്റരുത്. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ സവിശേഷതയെന്നും ഇത് ആരും മറക്കരുതെന്നും കാന്തപുരം പറഞ്ഞു. ബ് ലീഗ്മിഷന് അംബാസിഡര്‍ ശൈഖ്അബ്ദുല്അബ്ബാസ് നാഇഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സമസ്ത കേരള ജംഇയ്യത്തുല്‍ഉലമാ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു.