KOYILANDY DIARY.COM

The Perfect News Portal

സിപിഐ( എം) നേതൃത്വത്തില്‍ ജൂണ്‍ രണ്ടിന് സായാഹ്ന ധര്‍ണ്ണ

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ജൂണ്‍ രണ്ടിന് രണ്ടായിരത്തോളം കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ. വൈകുന്നേരം നാലു മണി മുതല്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളിലാണ് ധര്‍ണ്ണ നടത്തുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണ്. രാജ്യത്ത് ഒരു പ്രത്യേക ഭക്ഷണ ക്രമം അടിച്ചേല്‍പ്പിക്കുക എന്ന വര്‍ഗീയവും വിഘടനപരവുമായ അജണ്ടയ്ക്ക് നിയമസാധുത നല്‍കാനുള്ള നീചശ്രമത്തിന്റെ ഭാഗമാണ് കേന്ദ്രഗവണ്‍മെന്റിന്റെ നടപടി. കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകരുടെ ജീവനോപാധിയെ തകര്‍ക്കുന്ന നടപടിയാണിത്. പ്രായമായ കാലികളെ സംരക്ഷിക്കേണ്ടുന്ന ബാധ്യത കൂടി കര്‍ഷകന്റെ മേല്‍ ഏര്‍പ്പെടുത്തുമ്പോള്‍ കാര്‍ഷിക പ്രതിസന്ധിമൂലം നട്ടം തിരിയുന്ന കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തീരുമാനമാണ് കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുള്ളത്.

പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ഈ നടപടി ദുര്‍ബലപ്പെടുത്തും. സംസ്ഥാനങ്ങളുടെ അധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. കേന്ദ്രഗവണ്‍മെന്റ് വിഞ്ജാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ഈ പരിപാടി കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തി സംഘടിപ്പിക്കണം.

Advertisements

പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പ്രക്ഷോഭപരിപാടിയില്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും അണിചേരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *