സിപിഐ എം ജനകീയ ഉച്ചകോടി നാളെ തുടങ്ങും

കൊച്ചി: എറണാകുളം ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി സിപിഐ എം ജില്ലാ കമ്മിറ്റിയും ഇഎംഎസ് പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ജനകീയ ഉച്ചകോടി സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ ഒമ്ബതിന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
പകല്‍ രണ്ടിന് ‘ഇന്ത്യയില്‍ ദളിതര്‍ക്ക് എതിരായ പീഡനത്തിന്റെ അന്തര്‍ധാര’ എന്ന വിഷയം ഡോ. മീര വേലായുധന് അവതരിപ്പിക്കും. തുടര്‍ന്ന് ‘ദേശീയത–വര്‍ഗീയത– കേരള സമൂഹം’ എന്ന വിഷയം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അവതരിപ്പിക്കും. ‘ഇന്ത്യന്‍ കാര്‍ഷിക സമ്ബദ്ഘടനയിലെ പ്രതിസന്ധി — ചെറുത്ത് നില്‍പ്പ്’ എന്ന വിഷയം ഞായറാഴ്ച രാവിലെ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ‘നവലിബറല്‍ നയങ്ങളും ഇന്ത്യന്‍ തൊഴിലാളി വര്‍ഗവും’ എന്ന വിഷയം പകല്‍ രണ്ടിന് സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍ സെന്നും അവതരിപ്പിക്കും.

വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍നിന്ന് തെരഞ്ഞെടുത്ത 1000 പ്രതിനിധികള്‍ ജനകീയ ഉച്ചകോടിയില്‍ പങ്കെടുക്കും.

ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സംഘടന, രാഷ്ട്രീയ, പ്രചാരണ പരിപാടികള്‍ക്ക് ഉച്ചകോടി രൂപംനല്‍കുമെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയകാലത്തടക്കം കേരളത്തെ ശ്വാസംമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും സ്വീകരിച്ചത്. ശബരിമല സുപ്രീംകോടതി വിധി മുതലെടുത്ത് ജനങ്ങളെ ജാതീയമായി വിഭജിക്കാനും ബിജെപി ശ്രമം തുടരുന്നു. കോണ്‍ഗ്രസിന് ഇവരെ സഹായിക്കുന്ന നിലപാടാണ്. ഈ പ്രതിസന്ധി മറികടന്ന് ജനകീയ ഐക്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉച്ചകോടി രൂപംനല്‍കുമെന്നും- സി എന്‍ മോഹനന് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്മണി, ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി ബി ദേവദര്‍ശനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

