സിന്തറ്റിക് ട്രാക്കെന്ന സ്വപ്നത്തിനൊപ്പം പി ടി ഉഷയ്ക്ക് ഡോക്ടറേറ്റും

കോഴിക്കോട്: പരിശീലകയായതിന് ശേഷമുള്ള പി ടി ഉഷയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ സിന്തറ്റിക് ട്രാക്ക് സഫലമാവുന്നു. കോഴിക്കോട് കിനാലൂരിലെ ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സിലെ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് 3.30നാണ് പ്രധാനമന്ത്രി ട്രാക്ക് ഉദ്ഘാടനം ചെയ്യുക.
ട്രാക്ക് എന്ന സ്വപ്നം സഫലമാവുന്ന ഉഷയ്ക്ക് മറ്റൊരു അംഗീകാരംകൂടി തേടിയെത്തുന്നു. കാൺപൂർ ഐ ഐ ടി അഭിമാനതാരത്തിന് ഹോണണറി ഡോക്ടറേറ്റ് സമ്മാനിക്കും. വെള്ളിയാഴ്ച രാഷ്ട്രപതിയാണ് ഹോണണറി ഡോക്ടറേറ്റ് ഉഷയ്ക്ക് സമർപ്പിക്കുക. 2002ൽ കണ്ണൂർ സർവകലാശാലയും ഉഷയ്ക്ക് ഡോക്ടറേറ്റ് നൽകിയിരുന്നു.

ദേശീയ കായിക വികസന ഫണ്ടിൽ നിന്നും കിട്ടിയ എട്ടരക്കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തികരിച്ചത്. കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ ചടങ്ങിൽ അദ്ധ്യക്ഷനാകും. മന്ത്രി എ സി മൊയ്തീൻ, എം കെ രാഘവൻ എം പി, സുരേഷ് ഗോപി എം പി. എന്നിവർ പങ്കെടുക്കും. പരിശീലനത്തിന് സിന്തറ്റിക് ട്രാക്ക് തയ്യാറായെങ്കിലും മത്സരങ്ങൾ നടത്തണമെങ്കിൽ ഫ്ലഡ് ലൈറ്റ് സംവിധാനം വേണം.

ജർമ്മനിയിലെ പോളടാൻ എന്ന കമ്പനി ടി ആൻഡ് എഫ് സ്പോർട്സ് ഇൻഫ്രാടെക്കുമായി സഹകരിച്ചാണ് സിന്തറ്റിക് ട്രാക്ക് പൂർത്തിയാക്കിയത്. പദ്ധതിക്കായി ആദ്യം അഞ്ചരക്കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2011 ഒക്ടോബറിൽ കേന്ദ്രമന്ത്രിയായിരുന്ന അജയ് മാക്കാനാണ് നിർമ്മാണം ഉദ്ഘാടനം ചെയ്തത്. സായിയുടെ മേൽനോട്ടത്തിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല. താൽപര്യമുള്ളവർക്കെല്ലാം സിന്തറ്റിക് ട്രാക്കിൽ പരിശീലനം നടത്താൻ അവസരം നൽകുമെന്ന് ഉഷ പറഞ്ഞു.

