സി. എ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണം: കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി: കൊച്ചിയില്‍ സി. എ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഹൈക്കോടതിയുടെ സമീപമുള്ള ഒരു ഫ്ലാറ്റിലെ സിസിടിവിയില്‍നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ദൃശ്യങ്ങള്‍ വ്യക്തമല്ലെങ്കിലും വസ്ത്രത്തിന്റെ നിറവും നടപ്പു രീതിയും അത് മിഷേലാണെന്ന് തെളിയിക്കുന്നതാണ്. ഈ ദൃശ്യങ്ങളും സൂചിപ്പിക്കുന്നത് മരണം ആത്മഹത്യയാണെന്നതാണ്.
സിസടിവിയില്‍ വൈകിട്ട് ഏഴ് മണിക്കാണ് മിഷേലിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. നേരത്തെ സംഭവ ദിവസം അഞ്ചരയോടെ കലൂര്‍ പള്ളിയില്‍ മിഷേല്‍ എത്തുന്ന ദൃശ്യങ്ങളും ആറെ കാലോടെ അവിടെ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളിലും മിഷേല്‍ ഒറ്റക്കാണ് പോകുന്നത്. കേസില്‍ നിര്‍ണ്ണായകമായ ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറും. നേരത്തെ മിഷേലിനെ പോലെ ഒരാളെ ഏഴരയോടെ ഗോശ്രീ പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയതായി രണ്ട് സാക്ഷികളും പറഞ്ഞിരുന്നു. മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാര്‍ഫിലാണ് മിഷേലിന്‍റെ മൃതദേഹം കണ്ടത്.

മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിന്‍ അലക്സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. ക്രോണിന്‍ പൊലീസ് കസ്റ്റഡിയിലാണ്.

