സഹപാഠികള്‍ നിര്‍മിച്ചു നല്‍കിയ സ്നേഹത്തണലില്‍ ആദിത്യയ്ക്കും അജന്യയ്ക്കും ഗൃഹപ്രവേശം

താമരശ്ശേരി: ആദിത്യയ്ക്കും അനുജത്തി അജന്യയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതരായി കഴിയാം. സഹപാഠികള്‍ നിര്‍മിച്ചു നല്‍കിയ സ്നേഹത്തണലില്‍ അവര്‍ ഗൃഹപ്രവേശം നടത്തി. പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ആദിത്യ. ആദിത്യയ്ക്കും അജന്യയ്ക്കുമായി എകരൂല്‍ ഇരുമ്പോട്ടുപൊയിലിലാണ് സഹപാഠികളും അധ്യാപകരും ചേര്‍ന്ന് വീട് നിര്‍മിച്ചത്. പൂനൂര്‍ ഹൈസ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് അജന്യ. ഇവര്‍ക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കൈമാറി.
സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ഥികളാണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. പതിനൊന്ന് വര്‍ഷമായി നാലുസെന്റ് സ്ഥലത്ത് പോളിത്തീന്‍ ഷീറ്റിനുള്ളില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ അവസ്ഥ നേരില്‍ക്കണ്ടാണ് സഹപാഠികള്‍ സ്നേഹത്തണലൊരുക്കാനിറങ്ങിയത്. അച്ഛനും അമ്മയുമുള്‍പ്പെടെ നാലംഗ നിര്‍ധന കുടുംബമാണ് ആദിത്യയുടേത്.

തനിക്ക് അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതയായി കഴിയാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ആദിത്യ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് സബ് കളക്ടര്‍ ആദിത്യയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പിന്നീട് സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ആദിത്യയുടെ വീട്ടിലെത്തി.

വിദ്യാര്‍ഥികളുടെ കഠിനാധ്വാനമാണ് മാസങ്ങള്‍ക്കുള്ളില്‍ പണിപൂര്‍ത്തിയാക്കാന്‍ വഴിയൊരുക്കിയതെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ.സി. റിജുകുമാര്‍ പറഞ്ഞു. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.സി. റിജുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.പി. സക്കീന, സി.പി. രമ, എ.പി. രാഘവന്‍, തൊളോത്ത് മുഹമ്മദ്, എസ്. ശ്രീചിത്ത്, പി.ടി.എ. പ്രസിഡന്റ് നാസര്‍ എസ്റ്റേറ്റ്മുക്ക്, പ്രിന്‍സിപ്പല്‍ റെന്നിജോര്‍ജ്, ഡെയ്സി സിറിയക് എന്നിവര്‍ സംസാരിച്ചു.
