സര്‍ക്കാര്‍ നേഴ്സുമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി

ന്യൂഡല്‍ഹി : ഏഴാം ശമ്പളകമീഷനിലെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ നേഴ്സുമാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. അഖിലേന്ത്യാ ഗവണ്‍മെന്റ് നേഴ്സസ് ഫെഡറേഷന്‍ നടത്തിയ മാര്‍ച്ചില്‍ ആയിരക്കണക്കിന് നേഴ്സുമാര്‍ അണിനിരന്നു. സര്‍ക്കാര്‍ നേഴ്സുമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് സംഘടനാപ്രതിനിധികള്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ വരുമാനമനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ നേഴ്സുമാരുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്വകാര്യ നേഴ്സുമാരുടെ ഉത്തരവാദിത്തം കുറവാണ്. സ്റ്റാഫ് നേഴ്സുമാരുടെ എന്‍ട്രി പേയും നേഴ്സിങ് അലവന്‍സും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, യൂണിഫോം–വാഷിങ് അലവന്‍സ് പിന്‍വലിച്ചത് പുനഃപരിശോധിക്കുക, ആരോഗ്യപരമായി വെല്ലുവിളിയുള്ള സാഹചര്യങ്ങളില്‍ അനുവദിക്കുന്ന റിസ്ക് അലവന്‍സ് അനുവദിക്കുക എന്നീആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പ്രധാനമന്ത്രിക്കും മന്ത്രാലയങ്ങള്‍ക്കും നല്‍കുമെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു.
