സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണം: കോടിയേരി
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്.

പാർടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാർടി ഓഫീസുകളെ അക്രമിക്കുക, പാർടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ പ്രകോപനപരമായ അക്രമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലതുപക്ഷ ശക്തികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


അത്തരം പ്രവർത്തനങ്ങളിൽ ഏറ്റവും സംസ്ഥാന കേന്ദ്രത്തെ അക്രമിക്കുന്ന പ്രവർത്തനത്തിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാൻ പാർടി പ്രവർത്തകർക്കാകണം. സംസ്ഥാനത്തെ യുഡിഎഫ്, ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണം.


