സംസ്ഥാനത്ത് കനത്ത മഴ: മലപ്പുറത്ത‌് രണ്ടരവയസ്സുകാരന്‍ തോട്ടില്‍വീണ‌് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശമുണ്ട‌്. മഴക്കെടുതിയില്‍ മലപ്പുറത്ത‌് രണ്ടരവയസ്സുകാരന്‍ തോട്ടില്‍വീണ‌് മരിച്ചു. പെരിന്തല്‍മണ്ണ താഴേക്കോട‌് കാപ്പുപറമ്ബില്‍ കൂരിക്കുണ്ടില്‍ തോട്ടാശേരി ഷംസുദ്ദീന്‍- ഷാഹിന ദമ്ബതികളുടെ മകന്‍ മുഹമ്മദ‌് ഷാമില്‍ ആണ‌് മരിച്ചത‌്.
അഞ്ചു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കോളേജുകള്‍ക്ക് അവധിയില്ല. ഇടുക്കി, വയനട‌് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പരീക്ഷകള്‍ക്ക‌് മാറ്റമില്ല. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ‌്. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ‌്ചമുതല്‍ വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിച്ചേക്കും. വയനാട് ജില്ലയിലാണ് കാലവര്‍ഷം ഏറ്റവും രൂക്ഷം.

18 ദുരിതാശ്വാസ ക്യാമ്ബിലായി 712 പേരെ മാറ്റി പാര്‍പ്പിച്ചു. ബാണാസുര സാഗറിലെയും കാരാപ്പുഴ ഡാമിലെയും ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 123.5 അടിയായി. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു.
പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ജില്ലയിലെ മലയോരമേഖലകള്‍ ഒറ്റപ്പെട്ടു.
