സംസ്ഥാനത്തെ മൂന്ന് പോളിംഗ് ബൂത്തുകളില്‍ കൂടി റീ പോളിംഗ് നടത്താന്‍ തീരുമാനം

തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ സംസ്ഥാനത്തെ മൂന്ന് പോളിംഗ് ബൂത്തുകളില്‍ കൂടി റീ പോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ധര്‍മ്മടത്തെ രണ്ടും തൃക്കരിപ്പൂരിലെ ഒരു പോളിംഗ് ബൂത്തിലുമാണ് റീ പോളിംഗ് നടത്തുക. ഇതോടെ സംസ്ഥാനത്ത് ആകെ 7 ബൂത്തുകളില്‍ റീ പോളിംഗ് നടക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് റീ പോളിംഗ്.
കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാല് ബൂത്തുകളില്‍ റീ പോളിംഗ് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്ബര്‍ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലായിരുന്നു ആദ്യം റീ പോളിംഗ് തീരുമാനിച്ചത്.

എന്നാല്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്ബര്‍ 48 കൂളിയോട് ജിഎച്ച്എസ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്ബര്‍ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പര്‍ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളില്‍ കൂടി റീ പോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പോളിംഗ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. റീ പോളിംഗ് നടത്താനുള്ള തീരുമാനത്തെ മുന്നണികള്‍ സ്വാഗതം ചെയ്തിരുന്നു.

