സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വെള്ളിയാഴ്ച പാലായില്‍ തുടക്കമാകും

കോട്ടയം: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വെള്ളിയാഴ്ച പാലായില്‍ തുടക്കം. ഇക്കുറി മാറ്റങ്ങളോടെയാണ് കായികമേളയെത്തുന്നത്. കായികതാരങ്ങളുടെ കാറ്റഗറി നിശ്ചയിക്കുന്നതില്‍ വരുത്തിയ മാറ്റം ഇക്കുറി നിലവില്‍വന്നു,
മുന്‍വര്‍ഷങ്ങളില്‍ പ്രായവും പഠിക്കുന്ന ക്ലാസും മാനദണ്ഡമാക്കിയായിരുന്നു സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര് എന്നീ ഓരോ വിഭാഗങ്ങളെയും നിശ്ചയിച്ചിരുന്നത്.

ഈവര്‍ഷം മുതല്‍ സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര് വിഭാഗങ്ങളില്‍ കുട്ടികളെ തരംതിരിക്കുന്നത് പ്രായം മാത്രം മാനദണ്ഡമാക്കി. ക്ലാസ് നിബന്ധന ഒഴിവാക്കി. മുന്‍പ് 15-നും 16-നും ഇടയ്ക്ക് പ്രായമുള്ള കുട്ടി പ്ലസ് വണ്ണിനാണ് പഠിക്കുന്നതെങ്കില്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കേണ്ടിവരുമായിരുന്നു. ഇനി അവര്‍ക്ക് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കാം.

അണ്ടര്‍-19 സീനിയര്‍, അണ്ടര്‍-17 ജൂനിയര്‍, അണ്ടര്‍-14 സബ്ജൂനിയര് എന്നിങ്ങനെ മൂന്നുവിഭാഗങ്ങളുണ്ടാകും. പ്രായം അടിസ്ഥാനമാക്കിയാണ് സബ്ജില്ലാതലം മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്.

കായികാധ്യാപകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. പഠനത്തെ ഗൗരവത്തോടെ കാണുന്ന കുട്ടികള്‍ക്ക് ഈ മാറ്റം ഗുണംചെയ്യുമെന്ന് കായികാധ്യാപകര്‍ വിലയിരുത്തുന്നു. ജൂനിയര്‍ വിഭാഗത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ കൂടുതലായിവരുമ്ബോള് മത്സരം കടുക്കുമെന്നും കായികാധ്യാപകര്‍ പറയുന്നു.
സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ചാണ് മാറ്റം കൊണ്ടുവന്നതെന്ന് ജോയന്റ് ഡയറക്ടര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് ഡോ. ചാക്കോ ജോസഫ് പറഞ്ഞു. 20 മുതല്‍ 23 വരെയാണ് സംസ്ഥാന സ്കൂള്‍ കായികമേള.
ഹരിതമയം
സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലും വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണശാല, പരിശീലനകേന്ദ്രങ്ങള്‍, താമസസ്ഥലം, സംഘാടക സമിതി കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ട പ്രകാരമായിരിക്കും ക്രമീകരണങ്ങള്‍. പ്ലാസ്റ്റിക് ഒഴിവാക്കും. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന വിധമുള്ള പാത്രങ്ങളാണ് ഉപയോഗിക്കേണ്ടത്.
ഭക്ഷണശാല
രജിസ്ട്രേഷന് നടക്കുന്ന സെയ്ന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഭക്ഷണശാല സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം ആയിരംപേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന വിധമാണ് ഭക്ഷണശാല. സെയ്ന്റ് തോമസ് സ്കൂളിലാണ് പ്രധാന പാചകപ്പുര. സ്റ്റേഡിയത്തിലും ക്രമീകരണം നടത്തും. പഴയിടം മോഹനന് നമ്ബൂതിരിയാണ് ഭക്ഷണമൊരുക്കുന്നത്. പാല്, പഴം, മുട്ട, നോണ്‍വെജ് വിഭവങ്ങളുണ്ടാകും. കുടിവെള്ള വിതരണമുണ്ടാകും. ഒഫീഷ്യലുകള്‍ക്ക് ഭക്ഷണം സ്റ്റേഡിയത്തില്‍ എത്തിച്ചു നല്‍കും.
വാഹനസൗകര്യം, പാര്‍ക്കിങ്
കായികതാരങ്ങള്‍ക്ക് വിശ്രമസ്ഥലങ്ങളിലേക്ക് പോകുന്നതിനും തിരികെ സ്റ്റേഡിയത്തിലേക്ക് എത്തുന്നതിനും വാഹനസൗകര്യം ഏര്‍പ്പെടുത്തും. പാര്‍ക്കിങ് സെയ്ന്റ് തോമസ് കോളേജിന്റെ പിന്‍വശം, സമീപമുള്ള പാസ്റ്ററല്‍ സെന്ററിന്റെ ഭാഗങ്ങള്‍, മുണ്ടുപാലം സൊസൈറ്റി മൈതാനം, മണര്‍കാട് സ്റ്റേഡിയം, സിവില്‍ സ്റ്റേഷനോട് ചേര്‍ന്നു കിടക്കുന്ന ബൈപ്പാസ് റോഡിന്റെ തുടക്കത്തിലുള്ള സ്കൗട്ടിന്റെ സ്ഥലം, രാമപുരം റോഡിലെ പടവന്‍സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ സ്ഥലം, പുഴക്കര മൈതാനം, കത്തീഡ്രല്‍ പള്ളിയുടെ ഭാഗത്ത്, പാലാ നഗരസഭാ കെട്ടിടത്തിന്റെ മുന്‍വശം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
സഹായം
സഹായത്തിന് വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ ഫോണ്‍ നമ്ബരുകള്‍: പബ്ലിസിറ്റി: 9447840371. പ്രോഗ്രാം: 9446450488. രജിസ്ട്രേഷന്: 9446608780. താമസം: 924999567 ഗതാഗതം: 9446561219. പാലാ പോലീസ് സ്റ്റേഷന്: 04822 212334. എസ്.ഐ. പാലാ 9745769368.
