സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: പെണ്‍ഭ്രൂണഹത്യ ഏറിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് വധുവാണിഭം നടത്തുന്നുണ്ടെന്ന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാസെല്‍ നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന സെമിനാര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.എസ്. സലീഖ അധ്യക്ഷയായി.
ഹരിയാണയിലേക്ക് ഇത്തരത്തില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍നിന്ന് വധുക്കളെ കൊണ്ടു പോയതായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്റഫ് കാവില്‍ പറഞ്ഞു. യൂനിസെഫിന്റെ കണക്കുപ്രകാരം ഏഴുലക്ഷം പെണ്‍ഭ്രൂണഹത്യയാണ് ഒരു വര്‍ഷം നടക്കുന്നത്. ഒമ്പ
തു ലക്ഷം പെണ്‍കുഞ്ഞുങ്ങളാണ് പിറന്നശേഷം കൊല്ലപ്പെടുന്നത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2015-ല്‍ ഇന്ത്യയില്‍ 3,27,394 സ്ത്രീ പീഡനക്കേസുകളാണ് ഉണ്ടായത്, കേരളത്തില്‍ 12,305 കേസുകളും. 2016-ല്‍ കേരളത്തില്‍ 1644 ബലാത്സംഗക്കേസും 4035 ലൈംഗികപീഡനവും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ പിന്നിലാണെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുന്നതാണ് ഇത്തരത്തിലുള്ള അതിക്രമം കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരാതി പരിഹാര സമിതി ഇല്ലെങ്കില്‍ 50,000 രൂപവരെ പിഴയീടാക്കാന്‍ വ്യവസ്ഥയുണ്ടെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍.എല്‍. ബൈജു പറഞ്ഞു. പരാതിക്കാരിയായ സ്ത്രീക്ക് സ്ഥലംമാറ്റത്തിനും മൂന്നു മാസത്തെ അവധിയെടുക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. സംഭവത്തിന്റെ ഗൗരവത്തിന്റെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷിക്ക് താക്കീത്, ജോലിക്കയറ്റവും ശമ്പളവര്‍ധനയും തടയല്‍, പിരിച്ചുവിടല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരും. അതേസമയം മനഃപൂര്‍വം അധിക്ഷേപിക്കാന്‍ പരാതിനല്‍കിയതാണെങ്കില്‍ സ്ത്രീക്കെതിരേ നടപടിയെടുക്കാനും വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേഷന്‍ റീജ്യണല്‍ മാനേജര്‍ കെ. ഫൈസല്‍ മുനീര്‍, കൗണ്‍സിലര്‍ ടി.സി. ബിജുരാജ്, ടി.വി. മാധവി അമ്മ, ടി.പി. സാറാമ്മ, മുഹമ്മദ് ഫായിസ് തുടങ്ങിയവര്‍ സംസാരിച്ചു.

