ശരിയായ ചുവടുകളോടെ നവകേരളത്തിലേക്ക്, ചിത്ര പ്രദര്‍ശനം ആരംഭിച്ചു

തിരുവനന്തപുരം: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ നേര്‍ക്കാഴ്ചയൊരുക്കി വി.ജെ.ടി ഹാളില്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍ റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ശരിയായ ചുവടുകളോടെ നവകേരളത്തിലേക്ക് എന്ന ചിത്രപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷം നടപ്പാക്കിയ വിവിധ പദ്ധതികള്‍, വികസന പ്രവര്‍ത്തനങ്ങള്‍, വകുപ്പുകളുടെ നേട്ടങ്ങള്‍, ഉടന്‍ ആരംഭിക്കുന്ന പദ്ധതികള്‍ എന്നിവ വിശദമാക്കുന്ന 46 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. സര്‍ക്കാരിന്റെ മിഷനുകളായ ഹരിത കേരളം, ആര്‍ദ്രം, സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയെ സംബന്ധിച്ച വിശദാംശങ്ങള്‍ ചിത്രങ്ങള്‍ സഹിതം നല്‍കിയിട്ടുണ്ട്. വികസന പാതയില്‍ കുതിക്കുന്ന കേരളത്തിന്റെ പ്രതീകമായി മെഗാ പദ്ധതികളായ കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിവയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഗെയില്‍ പൈപ്പ്‌ലൈന്‍, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങിയ പദ്ധതികളുടെ വിവരണവും നല്‍കിയിരിക്കുന്നു.

കൈയേറ്റ ഭൂമി ഒഴിപ്പിക്കല്‍, സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി, വരള്‍ച്ചയിലും വലയാതെ വൈദ്യുതി വിതരണം, ശക്തമായ ലഹരി വിരുദ്ധ പോരാട്ടം, തീരക്ഷേമത്തിന് കരുതല്‍ നടപടികള്‍, ഭദ്രമായ ക്രമസമാധാനം, ക്ഷീരമേഖലയിലെ സമൃദ്ധി, തലവരിയില്ലാതെ സ്വാശ്രയ കോളേജ്, ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സൗകര്യം, വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് 900 കോടിയുടെ സഹായ പദ്ധതി, ഓപ്പറേഷന്‍ ഒളിമ്പ്യ, കിഫ്ബി പദ്ധതിയിലൂടെയുള്ള വികസന പദ്ധതികള്‍, സ്‌കൂള്‍ തുറക്കും മുന്‍പ് പാഠപുസ്തകം, സൗജന്യ കൈത്തറി യൂണിഫോം, കെ. എസ്.ആര്‍. ടി. സിയെ രക്ഷിക്കാന്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ എന്നിവയുടെ വിശദാംശങ്ങളോടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ശക്തിയാര്‍ജിക്കുന്ന സഹകരണ മേഖലയെ അവതരിപ്പിക്കുന്ന ചിത്രം നോട്ട് നിരോധന പ്രതിസന്ധി മറികടന്നതിനെയും അരിവിലക്കയറ്റം പിടിച്ചുനിറുത്താന്‍ നടത്തിയ ശക്തമായ ഇടപെടലുകളും വിശദീകരിക്കുന്നു. തരിശുനിലങ്ങളിലെ വിളവെടുപ്പിന്റെ സമൃദ്ധി എന്ന ചിത്രത്തില്‍ കൃഷി വകുപ്പിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആറന്‍മുളയിലും മെത്രാന്‍ കായലിലും റാണി ചിത്തിരക്കായലിലും നെല്‍കൃഷി ആരംഭിച്ചതിനെ ചിത്രം പരാമര്‍ശിക്കുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെള്ളം എത്തിച്ചതിന്റെയും തിരുവനന്തപുരം നഗരത്തില്‍ നെയ്യാറില്‍ നിന്നുള്ള ജലമെത്തിച്ചതിന്റെയും നേട്ടമാണ് ജലവിഭവ വകുപ്പിന്റെ ചിത്രം വിളിച്ചോതുന്നത്.
പുതിയ കാലത്തെ പുതിയ നിര്‍മ്മാണ രീതികളെയും പുതിയ പാതകളെയും പൊതുമരാമത്ത് വകുപ്പ് അവതരിപ്പിക്കുന്നു. ഭിന്നലിംഗക്കാരുടെ മുഖ്യധാരാവത്കരണം ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, കശുഅണ്ടി മേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്, സ്ത്രീ സുരക്ഷാ നടപടികള്‍, കെഫോണ്‍ ഇന്റര്‍നെറ്റ് സംവിധാന പദ്ധതി, പ്ലാസ്റ്റിക്കിന് വിട നല്‍കി ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി 38 ക്ഷേത്രപരിസരങ്ങളില്‍ ഇടത്താവള സമുച്ചയങ്ങള്‍, സംസ്ഥാന വികസനത്തിന് താങ്ങായി മാറുന്ന കേരള ബാങ്ക് പദ്ധതികള്‍ വിശദമാക്കുന്ന ചിത്രങ്ങളുമുണ്ട്.
