ശബരിമല സ്ത്രീപ്രവേശനം: റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ദേവസ്വം ബോര്‍ഡ് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് റിവ്യൂ ഹര്‍ജി വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.
എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. അതിനാല്‍ പുനപരിശോധന ഹര്‍ജി കൊടുത്താലും വിധിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. കോടതി എന്ത് പറഞ്ഞുവോ അത് ചെയ്യുക എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന മണ്ഡലകാലം മുതല്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആവശ്യമായ നടപടികള്‍ ബോര്‍ഡ് സ്വീകരിക്കും. നിലയ്ക്കല്‍, പന്പ, സന്നിധാനം എന്നിവടങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

വിഷയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റ ആദ്യ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അനിഷ്ടം അറിയിച്ചതോടെ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുകയായിരുന്നു. പത്മകുമാറിന്റെ നിലപാടിനെ മുഖ്യമന്ത്രി പരസ്യമായി തള്ളുകയും ചെയ്തിരുന്നു.

