ശബരിമല യുവതി പ്രവേശനം തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്ന് സര്‍വ്വേ ഫലം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം വിലക്കയറ്റമായിരിക്കുമെന്ന് സര്‍വ്വേ ഫലം. ശബരിമല യുവതി പ്രവേശനം തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായിരിക്കില്ലെന്നും സര്‍വ്വേയില്‍ പറയുന്നു. രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയപ്പെട്ടെന്നും മാസങ്ങള്‍ക്ക് മുമ്ബ് നടന്ന പുല്‍വാമ ഭീകരാക്രമണം പ്രതിപക്ഷത്തിന് സഹായകമാകുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ മനോരമ കാര്‍വി ഇന്‍സൈറ്റ്സിനൊപ്പം നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 58 ശതമാനം പേര് യു.പി.എ അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി അധികാരത്തില്‍ തുടരുമെന്ന് 13 ശതമാനം മാത്രം പേരാണ് അഭിപ്രായപ്പെട്ടത്.

18 ശതമാനം പേര് മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാണെന്ന് 38 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ തുടരണമെന്ന് വ്യക്തമാക്കിയത് 11 ശതമാനം മാത്രമാണ് . പ്രിയങ്ക ഗാന്ധി, മന്മോഹന് സിംഗ് എന്നിവര്‍ പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യരാണെന്ന് 8 ശതമാനം പേര് അഭിപ്രായപ്പെടുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയാകുമെന്ന് 8 ശതമാനം പേര് അഭിപ്രായപ്പെട്ടു. രാജ്യത്ത് ഡിജിറ്റല്‍ ഇന്ത്യയും സ്വച്ഛ് ഭാരതും മോദിഭരണത്തിന്റെ നേട്ടങ്ങളാണെന്നും വിലക്കയറ്റവും ആള്‍ക്കൂട്ട കൊലപാതകങ്ങളും വീഴ്ചകളാണെന്നും സര്‍വേ വിലയിരുത്തുന്നു. നോട്ടുനിരോധനത്തിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കാത്തതിലും ഭരണത്തിന്റെ കോട്ടങ്ങളാണെന്നും വോട്ടര്‍മാര്‍ വിലയിരുത്തുന്നു.

