വേനല്‍തുമ്പി കലാജാഥയുടെ ജില്ലാതല പരിശീലന ക്യാമ്പിന് നിറപ്പകിട്ടാര്‍ന്ന തുടക്കം

പേരാമ്പ്ര : ബാലസംഘം വേനല്‍തുമ്പി കലാജാഥയുടെ ജില്ലാതല പരിശീലന ക്യാമ്പിന് കായണ്ണ ബസാറില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. എട്ട് ദിവസത്തെ പരിശീലന ക്യാമ്പ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മജ ഉദ്ഘാടനംചെയ്തു. ബാലസംഘം ജില്ലാ പ്രസിഡന്റ് ഒ കെ അനഘ അധ്യക്ഷയായി.
ഇന്ദ്രന് മച്ചാട് രചിച്ച ചൂണ്ട, ബാലസംഘം കൂട്ടുകാര്‍ രചിച്ച ഹൗ ടു മെയ്ക്ക് എ കിറ്റ്, കെ പി പ്രിയദര്‍ശന്റെ തലക്കടി കാണിക്ക, എ ആര് ചിദംബരത്തിന്റെ പാപ്പാപ്പാപീപ്പീപ്പി, ബിപിന്‍ദാസ് പരപ്പനങ്ങാടിയുടെ ഒരു പളുങ്കൂസന്‍ സ്വര്‍ണക്കഥ, ആര്യന് കണ്ണന്നൂരിന്റെ ഇഖ്ബാല്‍ മാസിഹ് തുടങ്ങിയ ലഘു നാടകങ്ങളും, സി ആര് പുണ്യയും ഡി ആര് നവീനയും തയ്യാറാക്കിയ ഞങ്ങള്‍ പഠിക്കട്ടെ ഒപ്പനയും, ഹരിശങ്കര്‍ മുന്നൂര്കോടിന്റെ കറുത്ത സൂര്യന് അവതരണ ഗാനവുമാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത കെ എം സുരേഷ്, രാജീവന് കൊയിലാണ്ടി, പി ഷാഫിജ, പി നിഖില്‍, സി രാധാകൃഷ്ണന് എന്നിവരാണ് പരിശീലകര്‍. വി സുന്ദരന്‍, വി രവീന്ദ്രന്, വി പി ശ്രീധരന്, ഒ കെ അനഘ, സരോദ് ചങ്ങാടത്ത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കുന്നു. 20ന് ശേഷം ജില്ലയിലെ 16 ഏരിയകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 80 പരിശീലകര്‍ കൂടി ക്യാമ്പിലെത്തും. 23 വരെയാണ് പരിശീലനം. ക്യാമ്പ് വിജയിപ്പിക്കാന്‍ കായണ്ണയില്‍ വിപുലമായ സ്വാഗതസംഘവും രംഗത്തുണ്ട്.

ജില്ലാ സെക്രട്ടറി സരോദ് ചങ്ങാടത്ത്, ജില്ലാ കണ്‍വീനര്‍ വി രവീന്ദ്രന്, സിപിഐ എം കായണ്ണ ലോക്കല്‍ സെക്രട്ടറി സി കെ ശശി, ക്യാമ്പ് ഡയറക്ടര്‍ എം മണിക്കുട്ടന് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ രമേശന് സ്വാഗതവും ബാലസംഘം പേരാമ്പ്ര ഏരിയാ പ്രസിഡന്റ് അശ്വതി നന്ദിയും പറഞ്ഞു.

