KOYILANDY DIARY.COM

The Perfect News Portal

വീട് ഒഴിപ്പിക്കുന്നതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മയുടെ കുടുംബം

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധക്കാരുടെ ആത്മഹത്യാ ശ്രമം. പ്രീത ഷാജിയും കുടുംബവും നേരത്തെ ആത്മഹത്യാ ഭീഷണി ഉയര്‍ത്തിരുന്നു. ജപ്തി നടപടിയ്ക്കായി ആദ്യം പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായപ്പോള്‍ ജപ്തി നേരിടുന്ന കുടുംബത്തിന് പിന്തുണയുമായെത്തിയ നാലുപേര്‍ ശരീരത്തില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ചത് ആശങ്കയ്ക്കിടയാക്കി. വന്‍ പൊലീസ് സന്നാഹത്തേയും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരേയും കണ്ട് ഭയന്നാണ് സമരക്കാരില്‍ ചിലര്‍ ശരീരത്തില്‍ തീകൊളുത്തിയത്.

തക്കസമയത്ത് ഫയര്‍ ഫോഴ്സ് ഇടപെട്ട് തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസിനേയും ഫയര്‍ഫോഴ്സിനേയും കളക്ടര്‍ തിരികെ വിളിച്ചതോടെ സംഘര്‍ഷത്തിന് നേരിയ അയവ് വന്നിട്ടുണ്ട്. ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി. സ്ഥലത്ത് ഇപ്പോഴും വന്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുകയാണ്.

സര്‍ഫാസി ബാങ്ക് ജപ്തി വിരുദ്ധ സമരസമിതി പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് വീടിന് മുമ്ബില്‍ പുലര്‍ച്ചെ മുതല്‍ പ്രതിഷേധ സമരം ആരംഭിച്ചത്. ഇപ്പോഴും സ്ഥലത്ത് കുടിയൊഴിപ്പിക്കലിനെതിരെ ജനകീയ പ്രതിഷേധം തുടരുകയാണ്. സമരക്കാര്‍ നിരവധി പേര്‍ പെട്രോള്‍ കുപ്പികളുമായാണ് വീടിന് മുന്നില്‍ മുദ്രാവാക്യം മുഴക്കുന്നത്.

Advertisements

എടുക്കാത്ത വായ്പയുടെ പേരില്‍ 24 വര്‍ഷമായി ബാങ്കിനാല്‍ വേട്ടയാടപ്പെട്ട് ദുരിത ജീവിതം നയിക്കേണ്ടി വന്ന പ്രീത ഷാജി എന്ന വീട്ടമ്മയും കുടുംബവും ഒരു വര്‍ഷമായി വീടിന് മുന്നില്‍ ചിതയൊരുക്കി പ്രതിഷേധ സമരം നടത്തി വരുന്നതിനിടെയാണ് കോടതി ഉത്തരവ്. ഇന്ന് രാവിലെ എട്ടരയ്ക്കകം വീട് ഒഴിപ്പിച്ച്‌ ഉച്ചയ്ക്ക് മുമ്ബായി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.

24 വര്‍ഷം മുമ്പ്‌ പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി വായ്പയെടുക്കാന്‍ ജാമ്യം നിന്നിരുന്നു. ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സെന്റ് കിടപ്പാടം ഈട് നല്‍കുകയും ചെയ്തു. എന്നാല്‍, ബാങ്കില്‍ സാജന്‍ തിരിച്ചടവ് മുടക്കിയതോടെ വന്‍തുക കുടിശ്ശിക വന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരിച്ചടക്കാന്‍ ഷാജി തയാറായെങ്കിലും തകര്‍ന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത എച്ച്‌.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ വന്‍ തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയച്ചു. രണ്ട് ലക്ഷം രൂപയുടെ വായ്പ 2.30 കോടി രൂപയായെന്നാണ് സ്വകാര്യ ബാങ്ക് പറയുന്നത്. ഒന്നര ലക്ഷം രൂപ പലപ്പോഴായി തിരിച്ചടച്ചിട്ടും രണ്ട് കോടിയിലധികം വരുന്ന ഊതി വീര്‍പ്പിച്ച കണക്കുകാട്ടി ഒരറിയിപ്പുമില്ലാതെയാണ് ഇവരുടെ വസ്തു ബാങ്ക് ലേലത്തില്‍ വിറ്റത്. രണ്ട് കോടിയിലധികം രൂപ വിലവരുന്ന വസ്തു കേവലം 38 ലക്ഷം രൂപക്കാണ് റിയല്‍ എസ്റ്റേറ്റ് സംഘത്തിന് വിറ്റത്.

സര്‍ഫാസി നിയമത്തിന്റെ മറവില്‍ കുടിയിറക്കാനുളള നീക്കത്തിനെതിരെ നിരവധി തവണ ജനകീയ സമരം നടന്നു. കുടിയൊഴിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രീത ഷാജി നിരാഹാര സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന്, സ്ഥലം വാങ്ങിയ ആലങ്ങാട് സ്വദേശി എന്‍.എന്‍ രതീഷ് ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒഴിപ്പിക്കുമ്ബോള്‍ പ്രശ്ന സാദ്ധ്യതയുണ്ടെന്നും അതിനാല്‍ രണ്ടാഴ്ച കൂടി അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരുന്നില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *