വീടിനുള്ളില്‍ വാറ്റ് ചാരായം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

പാലാ: വീട്ടില്‍ വാറ്റുപകരണങ്ങള്‍ സ്ഥാപിച്ച് ചാരായം വാറ്റി വില്‍പ്പന നടത്തിവന്ന ബിജെപി പ്രവര്‍ത്തകനും ചാരായം വാങ്ങാനെത്തിയ ആളേയും എക്സൈസ് സംഘം പിടികൂടി. ബിജെപി പ്രവര്‍ത്തകനായ ഏഴാച്ചേരി താമരമുക്ക് പൂവക്കാട്ടില്‍ സുരേഷ്‌ലാല്‍ (42), ചാരായം വാങ്ങാന്‍ എത്തിയ അന്തീനാട് മങ്കര വാക്കമറ്റത്തില്‍ അശോകന്‍ (45) എന്നിവരെയാണ് വാറ്റുപകരണങ്ങളും ചാരായവും ഉള്‍പ്പെടെ പാലാ ഏക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിറിള്‍ കെ മാത്യൂസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുരേഷ് ലാലിന്റെ വീട്ടില്‍നിന്ന് 16 ലിറ്റര്‍ ചാരായവും 170 ലിറ്റര്‍ വാഷ്, വാറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ 20 ലിറ്റിന്റെ പ്രഷര്‍കുക്കറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചായിരുന്നു ചാരായം വാറ്റി വില്‍പ്പന നടത്തിവന്നത്.വീടിനോടനുബന്ധിച്ച് മുന്‍പ് പ്രവര്‍ത്തിച്ചുവന്ന പ്രവര്‍ത്തനം നിലച്ച ‘ഫെറോ സ്ലാബ്’ ഫാക്ടറിയുടെ മറവിലാണ് വന്‍തോതില്‍ ചാരയം വാറ്റി വിതരണം നടത്തിവന്നത്. ദീര്‍ഘകാലമായി ഇവിടെ ചാരായം വാറ്റി വന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ആവശ്യക്കാര്‍ക്ക് വീട്ടില്‍നിന്ന് വിതരണം ചെയ്യുന്നതോടൊപ്പം വിവിധ സ്ഥലങ്ങളില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ വില്‍പ്പനക്കായും വാറ്റു ചാരായം എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മുണ്ടുപാലത്ത് ചാരായ വില്‍പ്പന നടത്തിവന്ന കേന്ദ്രത്തില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രത്തില്‍നിന്ന് ചാരായവും വാഷും ഉപകരണങ്ങളും ഉള്‍പ്പെടെ പിടികൂടിയതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രതികളെ ഇന്ന് പാലാ കോടതിയില്‍ ഹാജരാക്കും.

