വിദ്യാര്‍ത്ഥികാല ഓര്‍മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി; പി ചിത്രന് നമ്പൂതിരിപ്പാടിനെ സന്ദര്‍ശിച്ചു

തൃശൂര്‍ : വിദ്യാര്‍ഥിയായിരിക്കെ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ഓര്മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുന്‍ വിദ്യാഭ്യാസ ഓഫീസറും ചരിത്രകാരനും യാത്രികനുമായ പി ചിത്രന് നമ്പൂതിരിപ്പാടിൻ്റെ തൃശൂരിലെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി പഴയകാല അനുഭവം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
പെരളശ്ശേരി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അന്യായമായി പുറത്താക്കപ്പെട്ടപ്പോള്‍ രക്ഷകനായി എത്തിയത് അന്നത്തെ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ചിത്രന് നമ്പൂതിരിപ്പാടായിരുന്നു. പുറത്താക്കിയത് ന്യായമായ കാരണം കൊണ്ടല്ല എന്ന് ബോധ്യപ്പെട്ട ചിത്രന് നമ്പൂതിരിപ്പാട് തിരിച്ചെടുപ്പിക്കുക മാത്രമല്ല പ്രധാനാധ്യാപികയെ ശാസിക്കുകയും ചെയ്തു. ഇന്ന് അവിടെയെത്തി അദ്ദേഹത്തെ കണ്ടപ്പോള്‍ അന്ന് ഞാന്‍ സംഘടനാ പ്രവര്‍ത്തകനായിരുന്ന കാലത്തെ ആ അനുഭവം സവിസ്തരം പരസ്പരം പങ്കുവെച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നല്‍കിയാണ് അദ്ദേഹം മുഖ്യമന്ത്രിയെയും യാത്ര അയച്ചത്. ഹിമാലയ യാത്രയെ കുറിച്ചെഴുതിയ പുണ്യഹിമാലയം എന്ന പുസ്തകവും മുഖ്യമന്ത്രിക്ക് കൈമാറി. 30 തവണ ഹിമാലയം സന്ദര്‍ശിച്ച അദ്ദേഹം ഇനിയും പോകാനുള്ള ആഗ്രഹം മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

