വാഷും വാറ്റുപകരണങ്ങളും പിടികൂടി

നാദാപുരം: സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നാദാപുരം എക്സൈസ് സംഘം മലയോര മേഖലയിൽ നടത്തിയ റെയ്ഡിൽ ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളും പിടികൂടി.
കാവിലും പാറ പഞ്ചായത്തിലെ ഏച്ചിലുകണ്ടി തോട്ടിൽ നിന്നാണ് 470 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർമാരായ എൻ.കെ. വിനോദൻ, എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ആറ് കാനുകളിലാക്കി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. സമീപത്ത് നിന്നും വാറ്റുപകരണങ്ങളും കണ്ടെത്തി. പെരിങ്ങത്തൂർ കായ്പനച്ചിയിൽ ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ 27 കുപ്പി വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി.

സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കുമാർ, ഷിജിൽ കുമാർ, ബി. ബബിത, രഞ്ജിനി, ഡ്രൈവർ പ്രജീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

